ADVERTISEMENT
കൊച്ചി: പ്രതിസന്ധികളിൽ അസ്വസ്ഥരാവുകയല്ല, പ്രത്യാശയുടെ ചക്രവാളങ്ങളിലേക്കു നയിക്കപ്പെടുകയാണു വർത്തമാനകാലത്തു സഭയുടെ സവിശേഷ ദൗത്യമെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. മഹത്തായ പൈതൃകവും ലോകമെങ്ങും സാക്ഷാത്കരിക്കപ്പെട്ട വളർച്ചയുടെ കരുത്തും സഭയുടെ പ്രേഷിത പ്രയാണത്തിന് ഇന്നു കൂടുതൽ ഉണർവു പകരുന്നുണ്ടെന്നും മാർ തട്ടിൽ പറഞ്ഞു. സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണയിൽ നടന്ന ദുക്റാന തിരുനാൾ ആചരണവും സഭാ ദിനാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
24 പൗരസ്ത്യസഭകളിൽ സീറോമലബാർ സഭ എല്ലാ അർഥത്തിലും അതിന്റെ ശ്രേഷ്ഠമായ ശ്ലൈഹിക പൈതൃകം അഭിമാനത്തോടെ അടയാളപ്പെടുത്തുന്നു. അമ്പതു ലക്ഷം വിശ്വാസികളുള്ള സഭ, അതിന്റെ പൈതൃകത്തിൽ അഭിമാനിക്കാനും നാളെകളിലേക്കുള്ള യാത്രകളെ ആസൂത്രണം ചെയ്യാനും സഭാദിനം ഓർമിപ്പിക്കുന്നുണ്ട്.
സീറോമലബാർ സഭ ലോകമെമ്പാടും വളരുകയാണ്. ഈ വർഷം 283 നവവൈദികർ അഭിഷിക്തരായി. സന്യാസരംഗത്ത് 145 പേർ നിത്യവ്രത വാഗ്ദാനവും 272 പേർ പ്രഥമ വ്രത വാഗ്ദാനവും നടത്തി. 338 പേർ വിവിധ സന്യാസിനി സമൂഹങ്ങളിൽ സമർപ്പിതരായി.
3056 രൂപത വൈദികർ സഭയിലുണ്ട്. സന്യസ്തരും ബ്രദർമാരുമായി 4991 പേർ. 32114 സന്യാസിനികൾ നമുക്കുണ്ട്. 1214 പേർ മേജർ സെമിനാരികളിൽ പരിശീലനം നടത്തുന്നു.
സമുദായശക്തീകരണ വർഷാചരണത്തിലേക്കു സീറോമലബാർ സഭ കടക്കുകയാണ്. നമ്മുടെ കുടുംബങ്ങളിൽ കുഞ്ഞുങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള സമ്മർദം ആശങ്കപ്പെടുത്തുന്നുണ്ട്. ആൾബലമുള്ള സഭയാകാൻ ദീർഘവീക്ഷണത്തോടെ നാം ചിന്തിക്കണം. ആൾബലമില്ലാത്ത സഭ ശക്തിയാർജിക്കുക എളുപ്പമല്ല. സഭയിലെ എല്ലാവരും ഒന്നിച്ചു കൂട്ടായ്മയിൽ മുന്നോട്ടു നീങ്ങണം. അല്മായരുടെ ശക്തമായ പ്രവർത്തനങ്ങൾ സഭയ്ക്കു പ്രതീക്ഷ നൽകുന്നതായും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, സെന്റ് മർത്താസ് സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ സ്നേഹ പോൾ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, മാതൃവേദി ഗ്ലോബൽ പ്രസിഡന്റ് ബീന ജോഷി, എസ്എംവൈഎം കേരള റീജിയൺ പ്രസിഡന്റ് അലക്സ് തോമസ്, കൂരിയ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, വൈസ് ചാൻസലർ റവ.ഡോ. പ്രകാശ് മറ്റത്തിൽ, സിഎസ്ടി ബ്രദേഴ്സ് അസി. ജനറൽ ബ്രദർ തോമസ് കരോണ്ടുകടവിൽ, സിഎംഎൽ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു. പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലിൽ സമുദായശാക്തീകരണ വർഷാചരണത്തിന്റെ രൂപരേഖ അവതരിപ്പിച്ചു.
നേരത്തെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ റാസാ കുർബാന അർപ്പിച്ചു. മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, താമരശേരി എംസിബിഎസ് സനാതന സെമിനാരി ഫാ. ഡെന്നീസ് പട്ടേരുപറമ്പിൽ എന്നിവർ സഹകാർമികരായി.
സഭയിലെ വിവിധ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും സംഘടനകളുടെയും പ്രതിനിധികൾ സഭാദിനാഘോഷത്തിൽ പങ്കെടുത്തതായി പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട് പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ചു കലാപരിപാടികളും ഉണ്ടായിരുന്നു.