ADVERTISEMENT
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ കെ.ജി. മാരാർ ഭവന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർവഹിച്ചു. ഇന്നലെ രാവിലെ 11ന് തൈക്കാടുള്ള മാരാർജി ഭവനിലെത്തിയ അമിത് ഷാ അവിടെ പ്രത്യേകം തയാറാക്കിയ പന്തലിലെത്തി ബിജെപി നേതാക്കളെ കണ്ടശേഷം പാർട്ടി പതാക ഉയർത്തി. തുടർന്ന് ഓഫീസിനു മുന്നിൽ കണിക്കൊന്ന തൈ നട്ടു. ഇതിനുശേഷം ഓഫീസ് ഉദ്ഘാടനത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. പിന്നീടു നാടമുറിച്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു.
ഓഫീസിനുള്ളിൽ ദീനദയാൽ ഉപാധ്യായയുടെയും ശ്യാമപ്രസാദ് മുഖർജിയുടെയും പ്രതിമകൾക്കു മുന്നിൽ അമിത്ഷാ നിലവിളക്കു കൊളുത്തി പുഷ്പാർച്ചന നടത്തിയ ശേഷം ഓഫീസിന്റെ നടുത്തളത്തിൽ സ്ഥാപിച്ചിരുന്ന കെ.ജി. മാരാരുടെ അർധകായ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. തുടർന്ന് സംസ്ഥാന പ്രസിഡന്റിന്റെ ഓഫീസിൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാർഡ് പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുന്നതിനായി പുത്തരിക്കണ്ടം മൈതാനത്തേക്കു പോയി.
ഒ. രാജഗോപാൽ, കെ. രാമൻപിള്ള, കെ.വി. ശ്രീധരൻമാസ്റ്റർ, സി.കെ. പദ്മനാഭൻ, പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, സഹപ്രഭാരി അപരാജിത സാരംഗി, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ, ആർഎസ്എസ് മുതിർന്ന പ്രചാരക് എസ്. സേതുമാധവൻ തുടങ്ങിയവർ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.