ADVERTISEMENT
ജോൺസൺ വേങ്ങത്തടം
കൊല്ലം: സിപിഎമ്മുമായി അകലംപാലിക്കുന്ന മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസ് വേദിയിൽ എത്തുന്നു. ഐഷ പോറ്റി കോൺഗ്രസിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ അവർ പങ്കെടുക്കുന്നത്. ഇന്നു കലയപുരം ആശ്രയ സങ്കേതത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ അനുസ്മരണപ്രഭാഷണമാണ് നിർവഹിക്കുക. ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
സിപിഎം നേതൃത്വവുമായുള്ള വിയോജിപ്പിനെ തുടർന്നു കുറച്ചുകാലമായി പാർട്ടി പരിപാടികളിൽനിന്നു വിട്ടുനിൽക്കുകയാണ് ഐഷ പോറ്റി. ആരോഗ്യ കാരണങ്ങളാല്‍ പൊതുവേദികളില്‍ നിന്നും മാറുന്നുവെന്നായിരുന്നു അവര്‍ നേതൃത്വത്തെ അറിയിച്ചത്, സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നിട്ടും ജില്ലാസമ്മേളനത്തിൽ അവർ പങ്കെടുത്തിരുന്നില്ല. ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടു. നിലവിൽ സിപിഎമ്മിന്റെ ഒരു ഘടകത്തിലുമില്ല. അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററാണെങ്കിലും ചുമതലയിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഐഷ പോറ്റിയെ പാർട്ടിയിലെത്തിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയത് ഇക്കൊല്ലമാദ്യമായിരുന്നു. കോൺഗ്രസ് കൊട്ടാരക്കര നഗരസഭാ പ്രവർത്തക ക്യാമ്പിൽ അവരെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചതോടെ ഈ അഭ്യൂഹം ശക്തമായി. പാർട്ടിയുടെ വാതിലുകൾ ഐഷ പോറ്റിക്കായി തുറന്നിട്ടിരിക്കുകയാണെന്നു പ്രമേയത്തിൽ പറഞ്ഞിരുന്നു. കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാക്കുമെന്നും പ്രചാരണമുണ്ടായി.
ഇപ്പോൾ കോൺഗ്രസ് പരിപാടിയിൽ എത്തുന്നതോടെ അവരുടെ കോൺഗ്രസ് പ്രവേശം വീണ്ടും ചർച്ചയായിരിക്കുകയാണ്. വർഷങ്ങളോളം കൊട്ടാരക്കര നിയമസഭാ മണ്ഡലത്തെ പ്രതിനിധാനംചെയ്ത ആർ. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയാണ് ഐഷ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്. തുടർച്ചയായി മൂന്നുതവണ അവർ കൊട്ടാരക്കരയെ പ്രതിനിധാനം ചെയ്തു.
തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ചു ജയിച്ചവരെ മാറ്റിനിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കന്‍ തീരുമാനിച്ചതോടെ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു.ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവി ആഗ്രഹിച്ചിരുന്ന വനിതാ നേതാവായിരുന്നു ഐഷ പോറ്റി. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല. ഐഷ പോറ്റിയെ കോണ്‍ഗ്രസില്‍ എത്തിക്കാനായാല്‍ അതു യുഡിഎഫിന് ഗുണകരമാവുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.
താന്‍ നിയമസഭാംഗമായിരുന്ന കാലത്തെ ബന്ധത്തിന്റെ പേരിലാണ് ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നും കോണ്‍ഗ്രസില്‍ ചേരുമെന്നുള്ള പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ല എന്നുമാണ് ഐഷ പോറ്റിയുടെ പ്രതികരണം.
Tags : Aisha Potty cpim