ADVERTISEMENT
എഐ അധിഷ്ഠിത സംരക്ഷണവേലിക്ക് ആവശ്യമായ സൗരോർജസംവിധാനവും ലൈറ്റും സൈറണും നിർമിച്ച അമ്പലപ്പാറ ഇറപ്പ
സ്വന്തം ലേഖകൻ
ഒറ്റപ്പാലം: കാട്ടാനയെ തുരത്താൻ സഹായമൊരുക്കിയ ഒറ്റപ്പാലംകാരനു മന്ത്രിയുടെ ആദരം. കാർഷിക വിളകൾക്കു വ്യാപകനാശം വിതച്ച് വയനാട്ടിൽ വിലസുന്ന ആനകളെ തുരത്താൻ വിജയകരമായി സ്ഥാപിച്ച എഐ അധിഷ്ഠിത സംരക്ഷണവേലി ഒരുക്കാനുള്ള സൗരോർജസംവിധാനവും ലൈറ്റും സൈറണും മറ്റും നിർമിച്ച അമ്പലപ്പാറ മേലൂർ റോഡിൽ ഇർപ്പശേരി വിജയനെയാണു വനംമന്ത്രി എ.കെ. ശശീന്ദ്രൻ അനുമോദിച്ചത്. കർഷകർക്കു സഹായകമാകുന്ന ഉപകരണങ്ങൾ നിർമിച്ച വിജയനെ മന്ത്രി അഭിനന്ദിച്ചു.
നിർമിതബുദ്ധിയുള്ള സംരക്ഷണവേലികൾ വയനാട്ടിൽ സ്ഥാപിച്ചു കാട്ടാനകളെ തടയുന്നതിൽ വിജയകരമാണെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. എഐ എല -ഫെൻസിംഗ് എന്നു പേരിട്ടിട്ടുള്ള സംവിധാനം ഇതോടെ കൂടുതൽ സ്ഥലത്തു സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്.
ലാഷിംഗ് ബെൽറ്റ് എന്ന ഉത്പന്നമുപയോഗിച്ചാണ് വേലി ഉണ്ടാക്കുന്നത്. ഒപ്പം കാമറ, ലൈറ്റ്, സ്പീക്കർ, സെൻസർ എന്നിവയുണ്ടാകും. സൗരോർജത്തിൽ പ്രവർത്തിക്കുന്ന വേലിക്ക് നൂറുമീറ്റർ അടുത്ത് ആനയോ മറ്റു ജീവികളോ എത്തിയാൽ സൈറൺ മുഴങ്ങും. ലൈറ്റുകൾ തെളിയും. ഇതുകണ്ട് ആനകൾ പിന്തിരിയും. വേലിയിൽ തൊട്ടാൽ ചെറിയ ഷോക്കുണ്ടാകും.
തിരുവനന്തപുരത്തെ വൈറ്റ് എലഫന്റ് ടെക്നോളജീസ് നിർമിക്കുന്ന ഉപകരണത്തിനാവശ്യമായ സൗരോർജ സംവിധാനവും ലൈറ്റും സൈറണുമാണ് വിജയൻ നിർമിച്ചത്. വൈറ്റ് എലഫന്റ് ടെക്നോളജീസ് ഉടമയും പാലക്കാട്ടുകാരനാണ്- വടവന്നൂർ പാറയ്ക്കൽ പി.ആർ. മോഹൻമേനോൻ.
കൃഷിയിടത്തിലെത്തി വിള നശിപ്പിക്കുന്ന കാട്ടുപന്നി, കുരങ്ങന്മാർ, മയിൽ തുടങ്ങിയവയിൽനിന്നു വിള സംരക്ഷിക്കാനാവശ്യമായ സംവിധാനങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് വിജയൻ. ഇതുകൂടി സാധ്യമായാൽ കാർഷികമേഖലയ്ക്കാകമാനം മുതൽക്കൂട്ടാകും.
Tags : AI fence wild animals