ADVERTISEMENT
അഹമ്മദാബാദ് വിമാനാപകടത്തിനു കാരണം ലാൻഡിംഗ് ഗിയറുകൾ പിൻവലിക്കാതിരുന്നതും വിമാനത്തിന്റെ വിംഗ് ഫ്ളാപ്പുകൾ ടേക്ക് ഓഫ് പൊസിഷനിൽ അല്ലാതിരുന്നതും മാത്രമായിരിക്കില്ലെന്ന് എയർ ഇന്ത്യ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഫ്ലൈറ്റ് സിമുലേറ്ററിലൂടെ എയർ ഇന്ത്യ പൈലറ്റുമാർതന്നെ നടത്തിയ പരിശോധനയിലൂടെയാണ് ഇക്കാരണങ്ങൾ മാത്രമായിരിക്കില്ല അപകടത്തിലേക്കു നയിച്ചതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. തകർന്ന വിമാനത്തിലെ പരാമീറ്ററുകൾ പുനർനിർമിച്ച് നടത്തുന്ന പരിശോധനയാണ് ഫ്ലൈറ്റ് സിമുലേറ്റർ.
വിമാനം പറന്നുയർന്ന ഉടനെ തന്നെ അടിയന്തരഘട്ടത്തിൽ വിമാനത്തിൽ വൈദ്യുതി എത്തിക്കുന്ന സംവിധാനമായ റാം എയർ ടർബൈൻ (റാറ്റ്) പ്രവർത്തിച്ചത് വിമാനത്തിൽ സാങ്കേതിക തകരാർ സംഭവിച്ചതിന് കാരണമായേക്കാമെന്നും ഫ്ലൈറ്റ് സിമുലേറ്ററിൽ കണ്ടെത്തിയതായും റിപ്പോർട്ട് ഉണ്ട്.എന്നാൽ ഇവയൊന്നും ഔദ്യോഗിക കണ്ടെത്തൽ അല്ലെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കുന്നത്. അപകടത്തിന് സാധ്യമായ കാര്യങ്ങളാണ് ഈ പരിശോധനയിലൂടെ കണ്ടെത്തുക. ഇതിൽ കൂടുതലും ചില ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. എന്നാൽ അന്വേഷണത്തെ ഇത്തരത്തിലുള്ള പരിശോധനകൾ സഹായിക്കാറുണ്ട്. വിമാനത്തിൽ ഉപയോഗിച്ച സമാന എൻജിനുകൾ തന്നെയാണ് പരിശോധനയിൽ ഉപയോഗിച്ചത്.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അപകടത്തെപ്പറ്റിയുള്ള ഔദ്യോഗിക അന്വേഷണം തുടരുകയാണ്. ഔദ്യോഗിക അന്വേഷണത്തിൽ നിരവധി കാരണങ്ങൾ പരിഗണിക്കുന്നുണ്ടെങ്കിലും സാങ്കേതിക തകരാറാണ് പ്രാഥമികകാരണമായി കണക്കാക്കുന്നത്. ഫ്ലൈറ്റ് റെക്കോഡറിൽ നിന്നുള്ള വിവരങ്ങൾ അന്വേഷണ ഏജൻസി പരിശോധിച്ചു വരികയാണ്.
Tags : ahmedabad plane crash news