ADVERTISEMENT
നെടുമ്പാശേരി: മയക്കുമരുന്ന് വിഴുങ്ങിയെത്തിയ ബ്രസീലിയൻ ദമ്പതിമാരുടെ വയറ്റിൽനിന്നു പുറത്തെടുത്തത് 163 ലഹരി ഗുളികകൾ. കഴിഞ്ഞ വെള്ളിയാഴ്ചയാണു മയക്കുമരുന്ന് പ്രത്യേക രീതിയിൽ പ്ലാസ്റ്റിക് കവറിൽ ഗുളികരൂപത്തിലാക്കി വിഴുങ്ങിയ ശേഷം ബ്രസീലിയൻ സ്വദേശികളായ ലുക്കാസ, ഭാര്യ ലൂണ എന്നിവർ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്.
ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്സ് (ഡിആർഐ) വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണു ബ്രസീലിലെ സാവോ പോളോയിൽനിന്ന് എത്തിയ ഇവർ പിടിയിലായത്. അഞ്ചു ദിവസത്തെ ശ്രമത്തിനൊടുവിൽ ഇവർ വിഴുങ്ങിയ മയക്കുമരുന്ന് ഗുളികകൾ മുഴുവനായും പുറത്തെടുത്തു. ഇന്നലെ ഇവരെ വീണ്ടും സ്കാനിംഗ് പരിശോധനയ്ക്കു വിധേയമാക്കിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ലാബ് ടെസ്റ്റിന്റെ ഫലം ലഭ്യമായശേഷമേ ഏതിനം മയക്കുമരുന്നാണെന്നും എത്ര വിലവരുമെന്നും കണക്കാക്കാൻ കഴിയൂ. കൊക്കെയ്നാണെന്നാണു പ്രാഥമിക നിഗമനം.
നെടുമ്പാശേരിയിൽ വിമാനമിറങ്ങിയശേഷം തിരുവനന്തപുരത്ത് എത്താനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. ഇവർ മുറി ബുക്ക് ചെയ്തിരുന്ന തിരുവനന്തപുരത്തെ ഹോട്ടൽ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
Tags : narcotic pills