ADVERTISEMENT
പ്രപഞ്ചത്തിൽ നിന്നു വ്യത്യസ്തനല്ല വ്യക്തി. പ്രപഞ്ചത്തിലെ എല്ലാ പ്രകൃതി പ്രതിഭാസങ്ങളും വ്യക്തിയിൽ നിലനിൽക്കുന്നു. എല്ലാ പ്രതിഭാസങ്ങളെയും ഈ രീതിയിൽ മനസിലാക്കാൻ വിവേകശാലികൾ ആഗ്രഹിക്കുന്നു’.(ചരകസംഹിത-ശരീരസ്ഥാനം അധ്യായം 4, ശ്ലോകം 13)
വർഷകാലം വായുവും ജലവും അടങ്ങുന്ന അന്തരീക്ഷത്തെ മാത്രമല്ല ദുഷിപ്പിക്കുന്നതെന്നും മറിച്ച് മനുഷ്യരടക്കം സകല ജീവജാലങ്ങളുടെയും ശരീരത്തെയും മനസിനെയും കൂടി പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും മനസിലാക്കിയതിനാലാവാം നമ്മുടെ പൂർവികർ ഈ കാലത്ത് ആയുർവേദത്തിലൂന്നിയ ആരോഗ്യ രക്ഷാമാർഗങ്ങൾക്കു കൂടുതൽ പ്രാധാന്യം നല്കിയത്.
കാലവർഷമെന്നാൽ കേരളത്തിനു ഭയമാണ്. മഴക്കെടുതിയുണ്ടാക്കുന്ന ബാഹ്യ സാഹചര്യങ്ങൾ കൊണ്ടു മാത്രമല്ല, കാലാവസ്ഥ മാറുമ്പോൾ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ആന്തരിക മാറ്റങ്ങൾ കൊണ്ടു രോഗപ്രതിരോധശേഷി കുറയുന്നതു മൂലമുള്ള വ്യാധികളും നമ്മളെ കൂടുതൽ സമ്മർദത്തിലാക്കുന്നു.
ഔഷധം, ജീവിതരീതി
ആയുർവേദം ഔഷധത്തോടൊപ്പം പ്രാധാന്യം നൽകുന്നതു ജീവിതരീതിക്കാണ്. അതുപോലെ രോഗചികിത്സയിൽ നിദാന പരിവർജ്ജനം (രോഗകാരണങ്ങൾ കണ്ടെത്തി ഉപേക്ഷിക്കുക) എന്ന ഘടകത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നു. അതുകൊണ്ടുതന്നെയാണ് ആയുർവേദ ചികിത്സാശാസ്ത്രം കാലാതിവർത്തിയായി നിലനില്ക്കുന്നതും.
പകർച്ചവ്യാധികളുടെ കാലം
വർഷകാലം പകർച്ചവ്യാധികളുടെ കാലം കൂടിയാണ്. കുറച്ചുകാലം മുമ്പു വരെ സമൂഹത്തെ രോഗാതുരമാക്കിയതു കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ചിക്കുൻഗുനിയ, ഡെങ്കി മുതലായവയാണെങ്കിൽ ഇപ്പോൾ ഇവ കൂടാതെ കോവിഡ്, നിപ്പ മുതലായവ കൂടി നമ്മുടെ രോഗാതുരതയുടെ ആക്കം കൂട്ടിയിരിക്കുന്നു.
കാലാവസ്ഥാവ്യതിയാനം
യഥാർഥത്തിൽ കാലാവസ്ഥാവ്യതിയാനം കർക്കടകചര്യയെന്ന ചിട്ടയെ കുറച്ചുകൂടി വ്യാപ്തിയോടെയും ഗൗരവത്തോടെയും സ്വീകരിക്കാൻ നമ്മളെ നിർബന്ധിതരാക്കുന്നു. അച്ചിട്ട പോലെയുള്ള ഇടവപ്പാതിയും തിരുവാതിര ഞാറ്റുവേലയും കർക്കടകത്തിലെ പതിനെട്ടാം പെരുക്കവുമൊക്കെ ആഗോളതാപനത്താൽ ഇനി അങ്ങനെ വരണമെന്നില്ല.
ഗ്രീഷ്മത്തിന്റെ ചൂടിൽ നിന്നും പെട്ടെന്നു തന്നെ വർഷത്തിന്റെ തണുപ്പിലേക്കു പ്രവേശിക്കുമ്പോൾ രോഗങ്ങൾ പണ്ടത്തേക്കാൾ സജീവമായി നമ്മളിൽ പിടിമുറുക്കുന്നതായി കാണാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി. ഹേമചന്ദ്രൻ
ചീഫ് മെഡിക്കൽ ഓഫീസർ
കോട്ടയ്ക്കൽ ആര്യവൈദ്യശാല, കോട്ടയം ബ്രാഞ്ച്.
Tags : healthnews