ADVERTISEMENT
ഗാന്ധിനഗര്‍: എച്ച്ഡിഎഫ്സി ബാങ്ക് കുമാരനല്ലൂര്‍ ബ്രാഞ്ചില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ ജീവനക്കാരന് അറസ്റ്റില്‍. പനച്ചിക്കാട് ഐമാന് കവല മലയില്‍ ടോണി വര്‍ഗീസ് (31) ആണ് അറസ്റ്റിലായത്.
പ്രതി ടെല്ലറായി ജോലി ചെയ്തു വന്നിരുന്ന എച്ച്ഡിഎഫ്സി സംക്രാന്തി ബ്രാഞ്ചിന്റെ കൗണ്ടറില്‍നിന്നും 2024 നവംബര്‍ 21ന് ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം അഞ്ചിനും ഇടയ്ക്കുള്ള സമയത്ത് പ്രതി ബാങ്കിന്റെതന്നെ രണ്ട് അക്കൗണ്ടുകളില്‍ മൂന്നു ലക്ഷം രൂപ നിക്ഷേപിച്ചതായി ഡെപ്പോസിറ്റ് സ്ലിപ്പില്‍ എഴുതി ഒപ്പിട്ട് ബാങ്കില്‍ വയ്ക്കുകയായിരുന്നു.
തുടര്‍ന്ന് അന്നേദിവസം ഉച്ചയ്ക്ക് ഒന്നിന് മറ്റൊരു അക്കൗണ്ടിലേക്ക് രണ്ടു ലക്ഷം രൂപയും പകല്‍ 3.30ഓടെ വേറൊരു അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപയും ട്രാന്‍സ്ഫര്‍ ചെയ്ത് പിന്വലിച്ചെടുത്തു. തുടര്‍ന്ന് കാഷ് കൗണ്ടറില്‍നിന്ന് 1,100 രൂപ പണമായും ഇയാള്‍ എടുത്തു. ആകെ 3,01,100 രൂപ ബാങ്കില്‍നിന്നും തട്ടിയെടുത്തതായാണ് അന്വേഷണത്തിലൂടെ കണ്ടെത്തിയത്.
സംഭവത്തില്‍ പ്രതി സ്റ്റേഷനില്‍ കീഴടങ്ങിയതിനെത്തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.