ADVERTISEMENT
തൊടുപുഴ: ഗാർഹിക പീഡനത്തെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു. പുറപ്പുഴ ആനിമൂട്ടിൽ ടോണി മാത്യുവിന്റെ ഭാര്യ ജോർലി (36) ആണ് മരിച്ചത്. സംഭവത്തിൽ ടോണി മാത്യുവിനെ (43) കരിങ്കുന്നം പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
മകൾ ജീവനൊടുക്കാൻ ശ്രമിച്ചത് ഭർത്താവിന്റെയും ബന്ധുക്കളുടെയും ഭാഗത്തുനിന്നുണ്ടായ മാനസിക, ശാരീരിക പീഡനങ്ങളെത്തുടർന്നാണെന്ന് ജോർലിയുടെ പിതാവ് പല്ലാരിമംഗലം അടിവാട് കുന്നക്കാട് ജോണ് കരിങ്കുന്നം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഭർതൃവീട്ടിൽ ജോർലി കടുത്ത പീഡനമേറ്റിരുന്നെന്നു വ്യക്തമായി. ഇതോടെയാണ് ടോണി മാത്യുവിനെ വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 26നാണ് ജോർലിയെ വിഷംകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെ മരിച്ചു.
സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ജോർലിയുടെ ഏക മകൾ അലീന ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. അമ്മ പരേതയായ ആനീസ്. സഹോദരങ്ങൾ: തോമസ്, റോമോൻ, ഷേർളി.
Tags :