ADVERTISEMENT
കൊച്ചി: ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയും ലയണല്‍ മെസിയും കേരളത്തിലേക്ക് പന്തുതട്ടാന്‍ വരുമോ... ഇല്ലയോ... എന്ന അനിശ്ചിതത്വം നിലനില്ക്കുകയാണെങ്കിലും മത്സര വേദിയായി കണക്കാക്കുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
സ്റ്റേഡിയം പെയിന്റ് ചെയ്ത് ഇരിപ്പിടങ്ങള്‍ നവീകരിക്കുന്നതിന് പുറമേ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നതും ചോര്‍ച്ചകള്‍ പരിഹരിക്കുന്ന പ്രവൃത്തികളുമാണ് ആരംഭിച്ചിരിക്കുന്നത്. അര്‍ജന്റീന കേരളത്തിലേക്ക് വരുന്ന കാര്യത്തില്‍ തീരുമാനമായാല്‍ അതിനു മുന്നേ അടിസ്ഥാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഇപ്പോഴത്തെ നവീകരണം.
അര്‍ജന്റീന ടീം വരുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധികള്‍ ജിസിഡിഎയില്‍ എത്തിയിരുന്നു. അന്താരാഷ്ട്ര മത്സര വേദിയാകാന്‍ യോഗ്യമാകും വിധം സ്റ്റേഡിയം ഫിറ്റ് ആണെന്നാണ് ജിസിഡിഎ അധികൃതര്‍ സ്പോര്‍ട്സ് കൗണ്‍സിലിനെ അറിയിച്ചത്. മാത്രമല്ല 2017ല്‍ ഫിഫ അണ്ടര്‍ 17 ലോക കപ്പ് മത്സരങ്ങള്‍ക്കായി സ്റ്റേഡിയം ഫിഫയുടെ മാനദണ്ഡങ്ങള്‍ പ്രകാരം നവീകരിച്ചിരുന്നു. ഇനി അറ്റകുറ്റപ്പണികള്‍ മാത്രം മതിയെന്നാണ് ജിസിഡിഎയുടെ വിശദീകരണം.
സ്റ്റേഡിയത്തിന്റെ ഒന്നര ലക്ഷത്തോളം ചതുരശ്ര മീറ്റര്‍ വിസ്തൃതി വരുന്ന ഭാഗത്തിന്റെ പെയിന്റിംഗാണ് ഇപ്പോള്‍ നടക്കുന്നത്. 1.35 കോടി രൂപയ്ക്ക് ഡുറോലാക് എന്ന സ്ഥാപനമാണ് വര്‍ക്ക് ഏറ്റെടുത്തിട്ടുള്ളത്. ഓഗസ്റ്റ് അവസാനത്തോടെ പെയിന്റിംഗ് പൂര്‍ത്തിയാകും. തുടര്‍ന്ന് ഇരിപ്പിടങ്ങളുടെ നവീകരണവും ചോര്‍ച്ച പരിഹരിക്കുന്നതടക്കമുള്ള സിവില്‍ വര്‍ക്കുകളും നടക്കും. അഞ്ച് കോടി രൂപ ചിലവഴിച്ചാണ് നവീകരണം.
ഇതോടൊപ്പം ഫ്ളെഡ്ലിറ്റുകള് നവീകരിക്കുന്ന ജോലികളും ആരംഭിക്കുമെന്ന് ജിസിഡിഎ അറിയിച്ചു. നിലവിലുള്ള ലൈറ്റുകള്‍ അഴിച്ചുമാറ്റി പുതിയ ഫ്രെയ്മുകള് സ്ഥാപിച്ച ശേഷം ലൈറ്റുകള്‍ പുനസ്ഥാപിക്കുന്നതാണ് ഇതോടൊപ്പം ചെയ്യുന്നത്. ഹാലജന്‍ ലൈറ്റുകള്‍ക്ക് പകരം സ്റ്റേഡിയം മുഴുവന്‍ എല്‍ഇഡി പ്രകാശത്തിലേക്ക് മാറ്റുന്നതും ആലോചനയിലുണ്ടെന്നും ജിസിഡിഎ അറിയിച്ചു.
1996ലാണ് ജിസിഡിഎ സ്റ്റേഡിയം നിര്‍മിച്ചത്. 34 ഏക്കർ ഭൂമിയിലെ 12 ഏക്കറില്‍ മൂന്നു നിലകളിലായി 55,000 പേര്‍ക്ക് ഇരിപ്പിട സൗകര്യം സ്റ്റേഡിയത്തിലുണ്ട്. നിരവധി അന്താരാഷ്ട്ര, ദേശീയ ക്രിക്കറ്റ് മത്സരങ്ങള്‍ക്കും ഫുട്ബോള്‍ മത്സരങ്ങള്‍ക്കും ഐഎസ്എല്‍ മത്സരങ്ങള്‍ക്കും സ്റ്റേഡിയം വേദിയായി. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് കലൂര്‍ സ്റ്റേഡിയം.
Tags : Messi Kaloor Stadium