ADVERTISEMENT
കോഴിക്കോട് ജില്ലയിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടപ്പുറത്ത് തിരമാലകളുടെ ശക്തി വർധിച്ചിട്ടുണ്ട്. തെക്കൻ കേരള തീരങ്ങളിൽ രൂപപ്പെട്ട ന്യൂനമർദ്ദം അറബിക്കടലിലേക്ക് നീങ്ങുന്നതാണ് തിരമാലകൾ ഉയരാൻ കാരണം.
മീൻപിടിത്തക്കാർ കടലിൽ പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടു. തീരദേശവാസികൾക്ക് ആവശ്യമായ സുരക്ഷാ നിർദേശങ്ങൾ നൽകുകയും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിട്ടുണ്ട്.
ദുരന്തനിവാരണ സേനയും കോസ്റ്റൽ പോലീസും തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, പൊതുജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു
Tags : Wave intensity Kozhikode coast fishermen