ADVERTISEMENT
ഉപ്പുതറ: കണ്ണംപടി ആദിവാസി ഊരിലെ ലൈഫ് ഭവനപദ്ധതിയിൽ വ്യാപക ക്രമക്കേട്. അനുവദിച്ച 96 വീടുകളിൽ 27 എണ്ണവും പണി പൂർത്തീകരിക്കാതെ മുഴുവൻ തുകയും കരാറുകാർ മാറിയെടുത്തതായി പരാതി. വീടുകളുടെയെല്ലാം മേൽക്കൂര ചോർന്നൊലിക്കുകയാണ്. ചില വീടുകളുടെ കക്കൂസിനു ക്ലോസറ്റ് വച്ചിട്ടില്ല. പ്ലംബിംഗ്, വയറിംഗ് ജോലികൾ ചെയ്യാത്തതും പുറംഭിത്തി തേയ്ക്കാത്തതുമായ വീടുകളുമുണ്ട്. ഒന്നര ലക്ഷത്തോളം രൂപയുടെ ജോലികൾ അവശേഷിപ്പിച്ച് മുഴുവൻ തുകയും കരാറുകാർ വാങ്ങിയെടുത്തതായാണ് പരാതി.
ഗുണഭോക്താക്കൾ നേരിട്ടാണ് കരാറുകാരെ പണി ഏൽപ്പിച്ചത്. കരാറുകാർ റോഡിൽ എത്തിച്ച നിർമാണസാമഗ്രികൾ ഗുണഭോക്താക്കളാണ് സൈറ്റിൽ എത്തിച്ചു നൽകിയത്. എന്നാൽ, ഇതിന്റെ പണിക്കൂലി നൽകാൻപോലും കരാറുകാരൻ തയാറായിട്ടില്ല. പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനടക്കം മൂന്നു കരാറുകാരാണ് ഉടമ്പടി ഏറ്റെടുത്തിരുന്നത്. അടുത്ത ബന്ധുവിന്റെ പേരിലാണ് ജീവനക്കാൻ കരാറെടുത്തത്. എന്നാൽ, ജീവനക്കാരൻ തന്നെയാണ് പണി ചെയ്യിപ്പിച്ച് പണം വാങ്ങിയതെന്നും ഗുണഭോക്താക്കൾ പറഞ്ഞു.
പണി ഉടൻ പൂർത്തിയാക്കി നൽകാമെന്ന് ഉറപ്പു നൽകിയാണ് ആദിവാസികളായ ഗുണഭോക്താക്കളിൽനിന്ന് അവസാന ഗഡു തുകയും കരാറുകാർ വാങ്ങിയെടുത്തത്. ഇതേ ഉറപ്പ് വിശ്വസിച്ചാണ് വാർഡ് മെംബർമാർ സ്റ്റേജ് സർട്ടിഫിക്കറ്റ് നൽകിയതും. പൂർത്തിയായ വീടിന്റെ വാലുവേഷൻ എടുത്ത് അവസാന ബില്ല് നൽകേണ്ടത് അസി. എൻജിനിയറും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറു(വിഇഒ)മാണ്. ഇവർ കരാറുകാരനെ വഴിവിട്ട് സഹായിച്ചതാണ് പണിതീരാതെ മുഴുവൻ തുകയും മാറിയെടുക്കാൻ ഇടയാക്കിയത്.
ബന്ധുവിന്റെ പേരിൽ കരാറെടുത്ത പഞ്ചായത്തിലെ താത്കാലിക ജീവനക്കാരൻ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തുക മാറിയെന്നാണ് ആരോപണം. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താവിനു വീടുവയ്ക്കാൻ ആറ് ലക്ഷം രൂപയാണ് നൽകുന്നത്. ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടാണ് കരാറുകാർ നടത്തിയിരിക്കുന്നത്.
Tags :