ADVERTISEMENT
രാജമറ്റം: തിരുഹൃദയ ഇടവക സുവര്‍ണജൂബിലി ആഘോഷം നാളെ രാവിലെ വിശുദ്ധകുര്‍ബാനമധ്യേ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. 1976 ജൂണ്‍ 20നാണ് ഈ ഇടവകയ്ക്കു തുടക്കംകുറിച്ചത്. വികാരി ഫാ. ബെന്നി കുഴിയടിയില്‍, ഫാ. മോന്‍സി കൈപ്പടശേരി എന്നിവര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായിരിക്കും. സുവര്‍ണ ജൂബിലി സ്മാരക ജീവകാരുണ്യനിധിയുടെയും പുതുതായി ആരംഭിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെയും ഉദ്ഘാടനവും കര്‍ദിനാള്‍ നിര്‍വഹിക്കും.
1976ല്‍ ഇടവക പ്രഖ്യാപനം അന്നത്തെ ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി പടിയറയാണ് നിര്‍വഹിച്ചത്. 132 കുടുംബങ്ങളുമായി ആരംഭിച്ച ഇടവകയില്‍ ഇപ്പോള്‍ 350 കുടുംബങ്ങളുണ്ട്. സെമിനാരി പ്രഫസറായിരുന്ന ദിവംഗതനായ റവ.ഡോ. തോമസ് കയ്യാലപ്പറമ്പിലാണ് ഇടവകയുടെ സ്ഥാപകന്‍. ഫാ. സിറിൾ ചേപ്പിലയുടെ നേതൃത്വത്തിലാണ് ഇപ്പോഴുള്ള പള്ളി നിര്‍മിച്ചത്. ഫാ. ബെന്നി കുഴിയടിയിലാണ് ഇപ്പോഴത്തെ വികാരി.
ജൂബിലിയോടനുബന്ധിച്ച് ഇടവകയിലെ വിവിധ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ സെമിനാര്‍, സിന്പോസിയം, ധ്യാനം, തീര്ഥാടനങ്ങള്, വിവിധ മാസാചരണങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പരിപാടികള്‍ക്ക് കൈക്കാരന്മാരായ മോനിച്ചന് തടത്തില്പ്പുരയിടം, സിബിച്ചന് കല്ലുകുഴിയില്‍, ഷാജന് കൊണ്ടോടി, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഡോട്ടേഴ്സ് ഓഫ് സെന്റ് ജോസഫ് സമര്‍പ്പിത സമൂഹത്തിലെ സിസ്റ്റേഴ്സ്, കുടുംബ കൂട്ടായ്മ ലീഡേഴ്സ്, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Tags : Kottayam