ADVERTISEMENT
കണ്ടല : മാറനല്ലൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കണ്ടലയിലെ മൈതാനം പരാധീനതകളുടെ നടുവിൽ. കുഴിയും വെള്ളക്കെട്ടും കായികതാരങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. മഴക്കാലമായാൽ മൈതാനം ആഴ്ചകളോളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. രണ്ടുവർഷം മുൻപ് മൈതാനത്തിന്റെ മൂന്നു വശങ്ങളിലും കമ്പിവലകൾ സ്ഥാപിച്ചിരുന്നു. ഇരിപ്പിടങ്ങൾ ടൈൽസ് പാകി നവീകരിക്കുകയും ചെയ്തു.
വോളിബോൾ ഇൻഡോർ സ്റ്റേഡിയവും നിർമിച്ചു. എന്നാൽ മൈതാനത്തിൽ മറ്റു നവീകരണജോലികൾ നടന്നിട്ടില്ല. ക്രിക്കറ്റും ഫുട്ബോളും ഉൾപ്പെടെ കായികയിനങ്ങൾക്ക് പഞ്ചായത്തിലെ വിവിധ ക്ലബുകളും സംഘടനകളും കണ്ടല മൈതാനത്തെയാണ് ആശ്രയിക്കുന്നത്. ഇപ്പോൾ ഇവർക്ക് സ്വകാര്യ ടർഫുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.റോഡിലൂടെയുള്ള നടത്തം അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
പ്രഭാത, സായാഹ്ന സവാരിക്കാരാണ് ഈ പരാതി ഉന്നയിക്കുന്നത്. തെരുവുനായകളുടെ ശല്യവും വർധിക്കുന്നു. മാസങ്ങൾക്കു മുൻപ് ഉയരവിളക്കു സ്ഥാപിച്ചെങ്കിലും ഉപയോഗിക്കുന്നില്ല. ഉദ്ഘാടനം നടത്താത്തതുകാരണം വിളക്ക് അണഞ്ഞുതന്നെയാണു കിടക്കുന്നത്. ഒന്നരമാസം മുൻപാണ് മൈതാനത്ത് വീണ്ടും നവീകരണജോലികൾ ആരംഭിച്ചത്. മൈതാനത്തിനു പിൻവശത്തു താമസിക്കുന്ന കുടുംബങ്ങൾ വാഹനങ്ങളുമായി കടന്നുപോകുന്നത് മൈതാനത്തിൽക്കൂടിയാണ്.
പലപ്പോഴും മത്സരങ്ങൾ സംഘടിപ്പിക്കുമ്പോൾ വാഹനങ്ങളെത്തുന്നതു അലോസരമുണ്ടാക്കാറുണ്ട്. ഇതു പരിഹരിക്കുന്നതിനുവേണ്ടി യുവാക്കൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ നടപടികളുണ്ടായി. പിൻവശത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് കടന്നുപോകുന്നതിനുവേണ്ടി മൈതാനത്തിന്റെ വശത്തുകൂടി റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചു.
റോഡുപണി പൂർത്തിയാക്കിയെങ്കിലും നിർമാണസാമഗ്രികൾ പലതും ഇപ്പോഴും മൈതാനത്തുതന്നെ കൂട്ടിയിട്ടിരിക്കുകയാണ്. നവീകരണജോലിൾ എത്രയുംവേഗം പൂർത്തിയാക്കി മൈതാനം ഉപയോഗിക്കുന്ന തരത്തിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : Kandala Trivandrum