ADVERTISEMENT
കോട്ടയം: സര്‍ക്കാര്‍ അഞ്ചു പൈസ അധികം കൊടുക്കില്ല. എന്നാല്‍ സ്കൂളില്‍ കുട്ടികള്‍ക്ക് പോഷകസദ്യ കൊടുക്കുകയും വേണം. ഉച്ചഭക്ഷണ പദ്ധതിയില്‍ പുതുക്കിയ മെനു പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി കൈയടി വാങ്ങിയപ്പോള്‍ പെട്ടുപോയത് പ്രധാനാധ്യാപകരാണ്. അധികച്ചെലവ് അധ്യാപകര്‍ കണ്ടെത്തണമെന്ന് മന്ത്രി കഴിഞ്ഞ ദിവസം ആവര്‍ത്തിക്കുകകൂടി ചെയ്തതോടെ അധ്യാപക സംഘടനകള്‍ പരസ്യപ്രതിഷേധത്തിലേക്ക് കടന്നിരിക്കുന്നു. ഉപ്പിനും കറിവേപ്പിലയ്ക്കുംവരെ വില കൂടിയിരിക്കെ സര്‍ക്കാര്‍ വിഹിതം കൂട്ടാതെ സ്കൂള്‍ മെനു പരിഷ്കരണം നടപ്പാകില്ല.
എല്‍പി സ്കൂളില്‍ ഒരു കുട്ടിക്ക് 6.78 രൂപയും യുപി ക്ലാസില്‍ 10.17 രൂപയുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. സപ്ലൈകോയിലൂടെ അരി വെറുതെ കൊടുത്താലും കാര്യമില്ല. അരിയുടെ അഞ്ചിരട്ടി ചെലവാണ് പച്ചക്കറിക്കും പലവ്യഞ്ജനത്തിനും എണ്ണയ്ക്കും പാചകവാതകത്തിനും വരുന്നത്. ഒരു കുട്ടിക്ക് മിനിമം 30 രൂപ കൊടുക്കാതെ പുതിയ മെനു നടപ്പാകില്ല. പാചകക്കാരുടെ വേതനത്തിലും വര്‍ധനവുണ്ടാകണം.
പാചകവാതകം, വാഹനച്ചെലവ്, പച്ചക്കറി, പലവ്യഞ്ജനം എന്നിവയ്ക്ക് നിലവിലെ തുക അപര്യാപ്തമാണെന്നറിയാതെയാണ് വിദ്യാഭ്യാസ മന്ത്രി ചെറുധാന്യങ്ങളും വന്ധാന്യങ്ങളും ഫ്രൈഡ് റൈസുമൊക്കെ ചേര്‍ന്ന സദ്യവട്ടം നിര്‍ദേശിക്കുന്നത്. ഒരു കിലോ ഫ്രൈഡ് റൈസ് അരിക്ക് 120 രൂപ മാര്‍ക്കറ്റ് വിലയുണ്ട്.
പരിപ്പിനും പയറിനുമൊക്കെ വില നൂറിനു മുകളിലാണ്. ഇപ്പോഴും 500 കുട്ടികള്‍ക്ക് ഒരു പാചകക്കാരി മാത്രമേയുള്ളൂ. കുട്ടികള്‍ കൂടുതലുള്ള സ്കൂളുകളില്‍ അധ്യാപകരുടെ ചെലവില്‍ സഹായിയെകൂടി നിയമിച്ചാണ് ചോറും കറിയും വയ്ക്കുന്നത്.
പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേര്‍ത്തുള്ള ചമ്മന്തിവരെയാണ് മന്ത്രിയുടെ മനസിലുള്ളത്. ഇവ വെജ് റൈസ്, ബിരിയാണി, ലെമണ്‍ റൈസ് എന്നിവയുടെ കൂടെ തൊടുകറിയായി കൊടുക്കണം.
ആഴ്ചയില്‍ റാഗി ഉപയോഗിച്ചു റാഗി ബാള്‍സ്, ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത റാഗി കൊഴുക്കട്ട, ഇലയട, അവില് കുതിര്‍ത്തത്, പാല് ഉപയോഗിച്ച് കാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ലിറ്റര്‍ പാലിന് 55 രൂപയും ഒരു കിലോ തേങ്ങയ്ക്ക് 90 രൂപയും ശര്‍ക്കരയ്ക്ക് 60 രൂപയുമൊക്കെയാണ് നിരക്ക്. ചില സീസണില്‍ കാരറ്റ് വില നൂറിനു മുകളിലെത്താറണ്ട്. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് വില 400 കടന്നു.
ചെറുധാന്യങ്ങള്ക്കെല്ലാം 200 രൂപയ്ക്ക് മുകളിലാണ് വില. കഞ്ഞിയിലും ചെറുപയറിലുമായിരുന്നു സ്കൂള്‍ ഉച്ചഭക്ഷണത്തിന്റെ തുടക്കം. പിന്നീട് ചോറും കറിയുമായി. ചോറും കറിയും മാത്രം വയ്ക്കാന്‍ അറിയാവുന്ന സാധാരണക്കാരും വയോധികരുമായ പാചകക്കാരികള്ക്ക് വിദ്യാഭ്യാസമന്ത്രി പറയുന്ന ഒരു വിഭവവും തയാറാക്കാന്‍ വൈദഗ്ധ്യമില്ല.
ഇവരാരുംതന്നെ ഹോം സയന്‍സ് പഠിച്ചവരുമല്ല. സ്റ്റാര്‍ ഹോട്ടലുകളിലെ മോഡേണ്‍ കിച്ചനില്‍ ഷെഫുമാര്ക്കുപോലും വശമില്ലാത്ത ഡിഷുകള്‍ സ്കൂളിലെ കഞ്ഞിപ്പുരയില്‍ തയാറാക്കാന്‍ പാചക പുസ്തകമോ യൂ ട്യൂബ് വീഡിയോയോ സര്‍ക്കാര്‍ പുറത്തിറക്കണമെന്ന് ചില അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു.
Tags :