ADVERTISEMENT
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തന്റെ ശക്തി തെളിയിച്ചെങ്കിലും പി.വി. അന്‍വറിന്റെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തില്‍. നിലപാടില്‍ മയം വരുത്തി യുഡിഎഫിന്റെ ഭാഗമായി നില്‍ക്കാനാണ് അദ്ദേഹത്തിന്റെ താത്പര്യമെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ള നേതാക്കളുടെ തീരുമാനം ഇതില്‍ പ്രധാനമാണ്. താനല്ല തീരുമാനമെടുക്കുന്നതെന്നും യുഡിഎഫ് ഒറ്റക്കെട്ടായാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും സതീശന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിലപാട് പ്രധാനമാണ്. തെരഞ്ഞെടുപ്പിനുമുമ്പ് അന്‍വറിനെ യുഡിഎഫിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ആര്യാടന് ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി വന്നത് അന്‍വറിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് പ്രശ്നം വഷളാക്കിയത്. വി.ഡി. സതീശന് കര്‍ശന നിലപാട് എടുത്തതോടെയാണ് അന്‍വറിന് ഒറ്റയ്ക്കു മത്സരിക്കേണ്ട സാഹചര്യം ഉണ്ടായത്.
19,760 വോട്ടുകള്‍ നേടിയാണ് അന്‍വര്‍ നിലമ്പൂരില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ളത്. 11.23 ശതമാനം വോട്ടുകള്‍ വരുമിത്. ഇരു മുന്നണികള്‍ക്കും ഞെട്ടലുണ്ടാക്കിയാണ് അന്‍വറിന്റെ മുന്നേറ്റം. മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ഏറ്റുമുട്ടിയാണ് അന്‍വര്‍ ഇടതുപക്ഷത്തുനിന്ന് പുറത്തേക്ക് വന്നത്. അന്‍വറിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഏകാഭിപ്രായമില്ല. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും മുന്‍ പ്രസിഡന്റ് കെ. സുധാകരനും അന്‍വറിനോടു മയമുള്ള സമീപനമാണുള്ളത്. രമേശ് ചെന്നിത്തലയ്ക്കും ഇതേനിലപാടാണ്. മുസ്ലിം ലീഗ് നേതാക്കള്‍ക്കും അന്‍വറിനോട് താത്പര്യമുണ്ട്. എന്നാല്‍, പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ക്ക് നിഷേധാത്മക നിലപാടാണ്. യുഡിഎഫ് യോഗം ചര്‍ച്ച ചെയ്ത് ഏകകണ്ഠമായ അഭിപ്രായത്തില്‍ എത്തിയാല്‍ മാത്രമേ അന്‍വറിനു പ്രതീക്ഷയുണ്ടാകുകയുള്ളൂ.
ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് അവകാശപ്പെട്ടിരുന്ന അന്‍വര്‍ മൂന്നാം സ്ഥാനത്താണുള്ളത്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുമ്പ് അന്‍വറിന്റെ കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്തേക്കും. അന്‍വറിന്റെ നിലപാടില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ യുഡിഎഫ് അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ തയാറാവുകയുള്ളൂ. അന്‍വറിന് അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന മുന്‍ വാഗ്ദാനംതന്നെയായിരിക്കും യുഡിഎഫ് മുന്നോട്ടുവയ്ക്കുക. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് എഐസിസിയുടെ അനുമതി വേണ്ടിവരും. ഇതിനു സാധ്യത കുറവാണ്.
Tags : PV Anwar