ADVERTISEMENT
തൊടുപുഴ: സജീവം സണ്‍ഡേ ലഹരിവിരുദ്ധ കാന്പയിന് തുടക്കമായി. കേരള സോഷ്യൽ സർവീസ് ഫോറവും കാരിത്താസ് ഇന്ത്യയും ചേർന്ന് കേരളത്തിലെ 32 രൂപതകളിൽ നടപ്പാക്കുന്ന സജീവം ലഹരി വിരുദ്ധ കാന്പയിന്റെ ഭാഗമായുള്ള സജീവം സണ്‍ഡേ യുടെ സംസ്ഥാനതല ഉദ്ഘാടനം നെടിയകാട് ലിറ്റിൽ ഫ്ളവർ പള്ളിയിൽ നടന്നു. കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നെടിയകാട് ലിറ്റിൽ ഫ്ലവർ സണ്‍ഡേ സ്കൂളിന്റ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിനു മുന്നോടിയായി ലഹരിവിരുദ്ധ റാലിയും സംഘടിപ്പിച്ചു.
കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ കാന്പയിൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. മദ്യം, മയക്കുമരുന്ന്, രാസ ലഹരി തുടങ്ങിയവയ്ക്കെതിരേ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വികാരി ഫാ. തോമസ് പൂവത്തുങ്കൽ അധ്യക്ഷത വഹിച്ചു. കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജോസഫ് കൊച്ചുപറന്പിൽ മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത മജീഷ്യൻ ജോയിസ് മുക്കുടം മാജിക്കിലൂടെ ലഹരിവിരുദ്ധ ബോധവത്കരണം നടത്തി. അസി.വികാരി ഫാ.ജോസഫ് വെട്ടിക്കുഴിച്ചാലിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സജീവം പ്രോജക് സംസ്ഥാന കോ-ഓർഡിനേറ്റർ സജോ ജോയി സന്ദേശം നൽകി. കെസിവൈ എം ടീം അവതരിപ്പിച്ച മൈം ഷോ പരിപാടിക്ക് മിഴിവേകി. സണ്‍ഡേ സ്കൂൾ ഹെഡ്മാസ്റ്റർ തങ്കച്ചൻ ഏരിമറ്റം സ്വാഗതവും സജീവം രൂപത കോ-ഓഡിനേറ്റർ ജോണ്സൻ കറുകപ്പിള്ളിൽ നന്ദിയും പറഞ്ഞു.
Tags :