ADVERTISEMENT
പത്തനംതിട്ട: ജനറൽ ആശുപത്രി വളപ്പിൽ അപകടാവസ്ഥയിലായ ബി ആൻഡ് സി ബ്ലോക്കിലെ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള ചികിത്സകൾ നിർത്തി. ഇതേ ബ്ലോക്കിലെ എല്ലാ ശസ്ത്രക്രിയാ വിഭാഗങ്ങളും കോന്നി സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയാണ്. ഇതിനൊപ്പം കിടത്തിച്ചികിത്സയും കോന്നിയിലേക്കു മാറ്റപ്പെടും. 414 കിടക്കകളാണ് നിലവിൽ ബി ആൻഡ് സി ബ്ലോക്കിലുണ്ടായിരുന്നത്.
ആശുപത്രിയുടെ പഴയ അത്യാഹിതവിഭാഗം പൊളിച്ചുനീക്കിയതോടെ ഐപി വിഭാഗത്തിലെ കിടക്കകളുടെ എണ്ണം കുറഞ്ഞിരുന്നു. ഈ വാർഡിൽ പ്രവർത്തിച്ചിരുന്ന മൈനർ ഓപ്പറേഷൻ വിഭാഗത്തിലെ ഐപി വിഭാഗം നിലവിൽ ശബരിമല വാർഡിലുണ്ട്. എന്നാൽ ശസ്ത്രക്രിയാ വിഭാഗം ഡോക്ടർമാർ കോന്നിയിലേക്ക് മാറുകയാണെങ്കിൽ രോഗികളെ ഇവിടെ കിടത്തി ചികിത്സിക്കാൻ ബുദ്ധിമുട്ടാകും.
ഫലത്തിൽ ജനറൽ ആശുപത്രിയിൽ ഒപി, അത്യാഹിത വിഭാഗങ്ങൾ മാത്രമായിരിക്കും ഇനി ഉണ്ടാകുക. ശസ്ത്രക്രിയാ വിഭാഗങ്ങളായ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, അസ്ഥിരോഗവിഭാഗം, ജനറൽ സർജറി, ഇഎൻടി എന്നിവ മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനായാണ് തീരുമാനമെടുത്തിരിക്കുന്നത്.
എല്ലാ വിഭാഗം ഒപിയും ജനറൽ ആശുപത്രിയിൽ തുടരും. ഒപിയിലെത്തുന്നവരിൽ കിടത്തി ചികിത്സ വേണ്ടവരെ കോന്നി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാനാണ് തീരുമാനം. അത്യാഹിത വിഭാഗത്തിൽ എത്തുന്നവരെയും ഇനി കോന്നിയിലേക്ക് മാറ്റും.
ഉത്തരവുകൾ വന്നില്ല, അവ്യക്തതകൾ ബാക്കി
ബി ആൻഡ് സി ബ്ലോക്ക് നവീകരിക്കാൻ തീരുമാനമുണ്ടായിട്ടു വർഷങ്ങളായെങ്കിലും ഇതിലെ സംവിധാനങ്ങൾ മാറ്റുന്നതിലെ അവ്യക്തത തുടരുകയാണ്. ഇതേവരെ ഉത്തരവുകൾ വന്നിട്ടില്ലെങ്കിലും ആശുപത്രി അധികൃതർ ഇന്നലെ മുതൽ ബി ആൻഡ് സി ബ്ലോക്കിലെ സംവിധാനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.
2023 ഡിസംബറിൽ പഴയ അത്യാഹിത വിഭാഗം പൊളിച്ച് പണികൾ തുടങ്ങിയതോടെ ബി ആൻഡ് സി ബ്ലോക്കിന്റെ നില കൂടുതൽ പരുങ്ങലിലാകുകയായിരുന്നു. തുടർന്നാണ് അടിയന്തര നടപടിയെന്നോണം അറ്റകുറ്റപ്പണിക്കു തീരുമാനമുണ്ടായത്. എൻഎച്ച്എം മുഖേന 5.5 കോടിരൂപയും ലഭ്യമാക്കി. നേരത്തെ 2.5 കോടി രൂപയ്ക്ക് എസ്റ്റിമേറ്റെടുത്ത ജോലികൾക്കാണ് പൊടുന്നനെ തുക ഉയർന്നതെന്നതും ശ്രദ്ധേയമാണ്.
ആരോഗ്യവകുപ്പിനു കീഴിലുള്ള ജനറൽ ആശുപത്രിയിലെ സംവിധാനങ്ങൾ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കോന്നി മെഡിക്കൽ കോളജിലേക്കു മാറ്റുന്നതും സാങ്കേതിക പ്രശ്നങ്ങൾക്കു കാരണമായിട്ടുണ്ട്.
ഡോക്ടർമാരുടെ സംഘടനകൾ ആശുപത്രി മാറ്റത്തെ അംഗീകരിച്ചിട്ടില്ല. ഡോക്ടർമാരെയും ജീവനക്കാരെയും ഉൾപ്പെടെ മാറ്റണമെങ്കിൽ ഇത് സാങ്കേതിക കുരുക്കുകൾ വർധിപ്പിക്കും. ജനറൽ ആശുപത്രിയിൽ ഒപിയും തുടർചികിത്സ മെഡിക്കൽ കോളജിലുമെന്ന നിർദേശവും പ്രായോഗികമല്ലെന്ന് പറയുന്നു. ഇതിലെല്ലാം ഡോക്ടർമാർ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
17 കിലോമീറ്റർ അകലെ കോന്നി മെഡിക്കൽ കോളജിലേക്ക് തുടർചികിത്സയ്ക്ക് ആളുകളെ എങ്ങനെ എത്തിക്കുമെന്നും വ്യക്തമല്ല. ഒപിയിലെത്തുന്നവരിൽ കിടത്തിച്ചികിത്സ വേണ്ടവരെ മെഡിക്കൽ കോളജിലെത്തിക്കാൻ വാഹനസൗകര്യം ഏർപ്പെടുത്തുമെന്ന നിർദേശം പ്രാവർത്തികമാക്കുന്നതു സംബന്ധിച്ചും തീരുമാനമുണ്ടായിട്ടില്ല. ഒപി ഇവിടെ തുടരുന്ന സാഹചര്യത്തിൽ തുടർചികിത്സ വേണ്ടവരെ പരിശോധിക്കാനും ശസ്ത്രക്രിയകൾക്കും ജനറൽ ആശുപത്രി ഡ്യൂട്ടിയിലുള്ള ഡോക്ടർമാരെയും ജീവനക്കാരെയും മെഡിക്കൽ കോളജിലേക്ക് എത്തിക്കാനും ക്രമീകരണം വേണ്ടിവരും.
സാധനങ്ങൾ താഴെയിറക്കാൻ എൻഎച്ച്എം ഫണ്ട്
ജനറൽ ആശുപത്രി ബി ആൻഡ് സി ബ്ലോക്കിലെ ശസ്ത്രക്രിയാ ഉപകരണങ്ങളടക്കം താഴെ എത്തിക്കുന്നത് എൻഎച്ച്എം ഫണ്ടുപയോഗിച്ച്. ഇതുമായി ബന്ധപ്പെട്ട അനുമതി എൻഎച്ച്എമ്മിൽനിന്നു ലഭിക്കാൻ വൈകിയതോടെയാണ് നടപടിക്രമങ്ങൾ വൈകിയത്. എട്ടു ലക്ഷം രൂപയാണ് എൻഎച്ച്എം ഇതിനായി നൽകുന്നത്.
എച്ച്എംസി യോഗം കൂടി തീരുമാനങ്ങളെടുക്കാനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട അവ്യക്തതകൾ തുടരുന്നതിനിടെ 21 മുതൽ അറ്റകുറ്റപ്പണികൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് കരാറുകാർ. ഉത്തരവിറങ്ങിക്കഴിഞ്ഞാൽ എച്ച്എംസി കൂടി തീരുമാനമെടുക്കേണ്ടതുണ്ട്.
Tags : Pathanamthitta General Hospital