ADVERTISEMENT
റാണിപുരം: പാറക്കടവിൽ തുടർച്ചയായ മൂന്നാം ദിവസവും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ പാറക്കടവിലെ കെ.പി. സുകുമാരൻ, പത്മരാജ്, പത്മകുമാർ, കെ.പി. ബേബി എന്നിവരുടെ കൃഷിയിടങ്ങളിലെ തെങ്ങുകളും വാഴകളുമാണ് നശിപ്പിച്ചത്.
നേരത്തേ വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽ മാത്രമാണ് ആനകൾ ഇറങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ കൂടുതൽ ജനവാസമേഖലകളിലേക്കിറങ്ങി കൃഷി നശിപ്പിക്കാൻ തുടങ്ങിയതായി നാട്ടുകാർ പറയുന്നു.
ദിവസങ്ങൾക്ക് മുമ്പ് പാറക്കടവിനോട് ചേർന്ന കുണ്ടുപ്പള്ളിയിൽ ആന ശല്യം രൂക്ഷമായിരുന്നു. പ്രദേശത്തെ സോളാർ വേലിയുടെ പ്രവൃത്തി പൂർത്തീകരിച്ചതോടുകൂടിയാണ് ആനകൾ വേലി അവസാനിക്കുന്ന പാറക്കടവ് ഭാഗത്തുകൂടി ഇറങ്ങാൻ തുടങ്ങിയത്.
പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ കാടുപിടിച്ചുകിടക്കുന്നതാണ് ആനകൾക്ക് തമ്പടിക്കാൻ സഹായകമാകുന്നത്. പ്രദേശത്തെ കാടുകൾ വെട്ടിത്തെളിക്കുക മാത്രമാണ് ആനകൾ കൃഷിയിടങ്ങളിലേക്കിറങ്ങാതിരിക്കാനുള്ള പരിഹാരമാർഗമെന്ന് നാട്ടുകാർ പറയുന്നു.
പ്രശ്നം ചർച്ചചെയ്യാൻ നാളെ പാറക്കടവിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്, റവന്യൂ, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥരുടേയും പ്രദേശത്തെ കർഷകരുടേയും അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.
Tags :