ADVERTISEMENT
മന്ത്രിക്കെതിരേ എഫ്ബി പോസ്റ്റിട്ട നേതാക്കള്‍ക്കെതിരേ സിപിഎം വിശദീകരണം തേടും
പത്തനംതിട്ട: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പരിഹസിച്ച് പോസ്റ്റിട്ട സിപിഎം നേതാക്കള്‍ക്കെതിരേ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം.
വീണാ ജോര്‍ജിനെ പരോക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ലോക്കല്‍ കമ്മിറ്റി അംഗത്തിനും ഏരിയ കമ്മിറ്റി അംഗത്തിനുമെതിരേയാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുണ്ടായത്.
കോട്ടയം മെഡിക്കല്‍ കോളജിലെ പഴയ കെട്ടിടം ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ച സംഭവത്തേ തുടര്‍ന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗം എൻ. രാജീവിനോട് ജില്ലാ കമ്മിറ്റി വിശദീകരണം തേടും. മന്ത്രിയെ വിമര്‍ശിച്ച ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം പി .ജെ. ജോണ്സനോട്ഏരിയ കമ്മിറ്റിയും വിശദീകരണം തേടാനാണ് തീരുമാനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരുടേയും വിമര്‍ശനം.
കൂടുതല്‍ പറയുന്നില്ലെന്നും ഇനി പറയിപ്പിക്കരുതെന്നുമായിരുന്നു പി. ജെ . ജോണ്സണ് പറഞ്ഞത്. ഒരു എംഎല്‍എയായി ഇരിക്കാന്‍ പോലും വീണാ ജോര്‍ജിന് അര്‍ഹതയില്ലെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. എസ്എഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോണ്സണ്.
മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയായിരുന്നു പത്തനംതിട്ട സിഡബ്ല്യുസി മുന്‍ ചെയര്മാന് കൂടിയായ എന്‍. രാജീവ് പരോക്ഷമായി പരിഹസിച്ചത്. സ്കൂളില്‍ കേട്ടെഴുത്ത് ഉണ്ടെങ്കില്‍ വയറുവേദ എന്നുപറഞ്ഞ് ചെറുപ്രായത്തില്‍ വീട്ടില്‍ ഇരിക്കുമായിരുന്നുവെന്നാണ് രാജീവ് പരിഹസിച്ചത്.
രാജീവ് പിന്നീട് പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ ആരോഗ്യസംവിധാനങ്ങളെ പുകഴ്ത്തി അദ്ദേഹം പോസ്റ്റിടുകയും ചെയ്തു.
എല്‍ഡിഎഫ് വിശദീകരണ യോഗം പത്തിന്
പത്തനംതിട്ട: ആരോഗ്യമന്ത്രിക്കെതിരേ പ്രതിപക്ഷ സംഘടനകള്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി പത്തിന് പത്തനംതിട്ട ടൗണ്‍ സ്ക്വയറില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തും.
ഇന്നലെ ചേര്‍ന്ന ജില്ലാ എല്‍ഡിഎഫ് യോഗം മന്ത്രിക്കു പൂര്‍ണ പിന്തുണ അറിയിച്ചു. പഞ്ചായത്തുതലങ്ങളിലും വിശദീകരണയോഗങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ബിജെപി മാര്‍ച്ച് ഇന്ന്
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് മാര്‍ച്ച് നടത്തും.
കേരള കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
കല്ലൂപ്പാറ: കോട്ടയം മെഡിക്കല്‍ കോളജില്‍ ബിന്ദു എന്ന പാവപ്പെട്ട വീട്ടമ്മയുടെ ദാരുണ മരണത്തിന് ഉത്തരവാദിയായ ആരോഗ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് കല്ലൂപ്പാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എന്‍ജിനിയറിംഗ് കോളജ് ജംഗ്ഷനിലേക്ക് പ്രകടനവും തുടര്‍ന്ന് പ്രതിഷേധ സംഗമവും നടത്തി.
കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പിആര്‍ വര്‍ക്കുകളിലൂടെ സൃഷ്ടിച്ചെടുത്തിരിക്കുന്ന നമ്പര്‍വണ്‍ എന്ന കൊട്ടിഘോഷത്തിനു വേണ്ടി ദുരന്തം ലഘൂകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ശ്രമമാണ് രക്ഷാപ്രവര്‍ത്തനം താമസിപ്പിച്ചതെന്നും അതുകൊണ്ടുതന്നെ ഇത് പിണറായി സര്‍ക്കാര്‍ നടത്തിയ ദുരഭിമാനക്കൊലയാണെന്നും പുതുശേരി പറഞ്ഞു.
പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ടി.എം.മാത്യു അധ്യക്ഷത വഹിച്ചു. ജയിംസ് കാക്കനാട്ടിൽ, വര്‍ഗീസ് കുട്ടി മാമൂട്ടിൽ, പഞ്ചായത്തംഗം പി. ജ്യോതി, സണ്ണി ഫിലിപ്പ്, ഒ. എം. മാത്യു, സുരേഷ് സ്രാമ്പിക്കല്‍, അജിത വില്ക്കി, എലിസബേത്ത് ആന്റണി, ബാബു നീരുവിലായില്, ഇ.എം. ജോര്‍ജ്, ഉമ്മന്‍ ചാണ്ടപ്പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Congress Pathanamthitta