ADVERTISEMENT
ചങ്ങനാശേരി: തുരുത്തി-മുളയ് ക്കാംതുരുത്തി-വാലടി-കാവാലം റോഡിലെ കുഴികളടച്ച് ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഉയരുന്നു. റോഡ് അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് തിങ്കളാഴ്ചമുതല്‍ ഈ റൂട്ടില്‍ ചങ്ങനാശേരിയില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇത് ഈ മേഖലയിലുള്ള വിദ്യാര്‍ഥികളടക്കം യാത്രക്കാരെ വലച്ചിരിക്കുകയാണ്.
ചങ്ങനാശേരിയില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ പറാല്‍, കുമരങ്കരി, വാലടി വഴി കാവാലത്തേക്ക് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. നാരകത്ര, കൃഷ്ണപുരം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് റോഡിലേക്ക് കയറിയ നിലയിലാണ്. പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്ത് ജലനിരപ്പ് ക്രമീകരിച്ചാല്‍ റോഡിലെ വെള്ളക്കെട്ടിനു പരിഹാരമാകുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം തുരുത്തി, വാലടി, വീയപുരം റോഡിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി തുരുത്തി ഡെവലപ്മെന്റ് ആൻഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജോബ് മൈക്കിള്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ നാളെ വൈകിട്ട് 5.30 ന് മുളയ്ക്കാംതുരുത്തി സെന്റ് ജോര്‍ജ് ക്നാനായ പള്ളി ഹാളില്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.