ADVERTISEMENT
അടിമാലി: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ മാങ്കുളത്ത് കനത്ത നാശം. പഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നായ പെരുമ്പന്‍കുത്ത് - ആറാംമൈല്‍ - അമ്പതാംമൈല്‍ റോഡില്‍ കരിമുണ്ടസിറ്റിക്ക് സമീപം റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു. വിള്ളല്‍ രൂപംകൊണ്ട ഭാഗം താഴ്ന്ന് റോഡിന് ബലക്ഷയം വന്ന നിലയിലാണ്. നിലവില്‍ ചെറുവാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നുണ്ട്. ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
മഴ തുടരുകയും വിള്ളല്‍ രൂപംകൊണ്ട ഭാഗത്തുകൂടി കൂടുതല്‍ വെള്ളമിറങ്ങുകയും ചെയ്താല്‍ റോഡ് കൂടുതലായി ഇടിയാനുള്ള സാധ്യത ഉണ്ട്. അങ്ങനെ സംഭവിച്ചാല്‍ ആറാംമൈല്‍, അമ്പതാംമൈല്‍ തുടങ്ങിയ ജനവാസ മേഖലകളിലേക്കും ചിക്കണംകുടി, കള്ളക്കൂട്ടികുടി തുടങ്ങിയ വിവിധ ആദിവാസി ഇടങ്ങളിലേക്കുമുള്ള യാത്ര പ്രതിസന്ധിയിലാകും.
മുമ്പും ഈ ഭാഗത്ത് സമാന രീതിയില്‍ റോഡില്‍ വിള്ളല്‍ രൂപംകൊണ്ടിട്ടുണ്ട്. ഏറെ നാളത്തെ ആവശ്യങ്ങള്‍ക്കൊടുവില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പെരുമ്പന്‍കുത്ത് ആറാംമൈല്‍ - അമ്പതാംമൈല്‍ റോഡില്‍ ടാറിംഗ് ജോലികള്‍ നടത്തിയത്. നിലവില്‍ വിള്ളല്‍ രൂപംകൊണ്ടിട്ടുള്ള ഭാഗത്ത് ടാറിംഗ് നടത്തിയിരുന്നില്ല. മാങ്കുളം - ആനക്കുളം റോഡില്‍ ബൈസണ്‍വാലി കയറ്റത്തിന് സമീപം ബുധനാഴ്ച രാത്രിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി ഗതാഗതം തടസപ്പെട്ടു.
മാങ്കുളം റേഷന്‍കട സിറ്റി - വിരിഞ്ഞപാറ റോഡില്‍ തമ്പിക്കുന്ന് ഭാഗത്തും പെരുമ്പന്‍കുത്ത് - കുറത്തിക്കുടി റോഡിലും മണ്ണിടിഞ്ഞ് യാത്രാ തടസമുണ്ടായി. ബുധനാഴ്ച പകല്‍ പെയ്ത ശക്തമായ മഴയില്‍ കല്ലാര്‍ - മാങ്കുളം റോഡില്‍ തളികത്ത് റോഡില്‍ വെള്ളം കയറുകയും ചെറുവാഹനങ്ങളുടെ യാത്ര ദുഷ്കരമാകുകയും ചെയ്തിരുന്നു. മഴയുടെ ശക്തി കുറഞ്ഞതോടെ റോഡില്‍നിന്നും വെള്ളമിറങ്ങി. മഴ വീണ്ടും ശക്തമായി തുടര്‍ന്നാല്‍ റോഡിലേക്ക് വെള്ളം കയറുകയും യാത്ര പ്രതിസന്ധിയിലാവുകയും ചെയ്യും.
Tags :