ADVERTISEMENT
മലപ്പട്ടം (കണ്ണൂര്‍): സിപിഎമ്മുകാര്‍ ഇനിയെങ്കിലും സ്വാതന്ത്ര്യ സമരചരിത്രം പഠിക്കണമെന്നും അക്രമ മനോഭാവം തിരുത്തണമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. മലപ്പട്ടത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതിയാത്രയും ഗാന്ധി പ്രതിമ അനാച്ഛാദനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഹിംസാ മാര്‍ഗത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യ സമരപോരാട്ടത്തിന് നേതൃത്വം കൊടുത്ത ഗാന്ധിജിയെ വര്‍ഗീയ ശക്തികള്‍ വധിച്ചപ്പോള്‍ മറ്റൊരു കൂട്ടര് ഗാന്ധിപ്രതിമകളുടെ തല വെട്ടിമാറ്റുകയാണ്.
ക്വിറ്റിന്ത്യാ സമരത്തെ ഒറ്റിക്കൊടുത്ത ചരിത്രമുള്ള പാര്‍ട്ടിയുടെ ആളുകള്‍ സ്വാതന്ത്ര്യസമര ചരിത്രം മനസിലാക്കിയിട്ടുണ്ടാകില്ല. അക്രമങ്ങളോട് കോൺഗ്രസിന് താത്പര്യമില്ല. ഗാന്ധിജി ആഹ്വാനം ചെയ്തതുപോലെ അക്രമരഹിത, അഹിംസാ മാര്‍ഗത്തിലൂടെ കടന്നുപോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ ഗാന്ധി സ്തൂപം തകര്‍ത്തപ്പോൾ മലപ്പട്ടത്തിനു കളങ്കമുണ്ടാക്കി. ഗാന്ധി പ്രതിമ സ്ഥാപിച്ചതിലൂടെ കളങ്കം മാറ്റിയെടുത്തതായും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എംഎല്‍എ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ് എംഎല്‍എ, എ.പി.അനില്‍കുമാര്‍ എംഎല്‍എ, ജനറല്‍ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യന്‍, പി.എം. നിയാസ്, കെ. ജയന്ത്, എഐസിസി മെംബര്‍ വി.എ.നാരായണന്, പി.ടി. മാത്യു, സജീവ് മാറോളി, അബിൻ വർക്കി, ചന്ദ്രൻ തില്ലങ്കേരി, ടി.ഒ. മോഹനന്, റിജിൽ മാക്കുറ്റി, മുഹമ്മദ് ബ്ലാത്തൂർ, കെ.സി. ഗണേശൻ, കെ.വി. ഫിലോമിന, എം.പി. ഉണ്ണികൃഷ്ണന്, വിജില്‍ മോഹന്‍, രാജീവന് എളയാവൂര്, വി.പി. അബ്ദുൾ റഷീദ്, കെ.പി. ശശിധരന്, എം.പി. രാധാകൃഷ്ണൻ, ശ്രീജ മഠത്തില്‍, മധുഎരമം, ജോസ് ജോർജ് പ്ലാന്തോട്ടം, എം.സി. അതുൽ എന്നിവര്‍ പ്രസംഗിച്ചു.
ഗാന്ധി പ്രതിമ സ്ഥാപിക്കാന്‍ മലപ്പട്ടത്ത് സ്ഥലം നല്കിയ കോണ്‍ഗ്രസ് നേതാവ് കെ.സി. കൃഷ്ണന് നമ്പ്യാരെ പൊന്നാട അണിയിച്ച് ആദരിച്ചു.
പി.സി. വിഷ്ണുനാഥ് എംഎല്‍എ മുഖേനയാണ് മലപ്പട്ടത്ത് സ്ഥാപിക്കാന്‍ ഗാന്ധിപ്രതിമയെത്തിച്ചത്. ആലപ്പുഴയിലെ ബിജു ജോസഫ് നിര്‍മിച്ച ഗാന്ധി ശില്പത്തില് സബര്‍മതിയിലെ മണ്ണ് നിക്ഷേപിച്ചിട്ടുണ്ട്. മലപ്പട്ടം ഹയർസെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച ഗാന്ധിയാത്രയിൽ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നായി 400 ഓളം പോലീസുകാരെ വിന്യസിച്ചിരുന്നു. അടുവാപ്പുറത്തും ഗാന്ധി സ്തൂപം സ്ഥാപിച്ച മലപ്പട്ടം സെന്ററിലും നിലവിലുളള പോലീസ് കാവൽ തുടരും.
Tags :