ADVERTISEMENT
പെരുവ: തകര്‍ന്നുകിടക്കുന്ന പെരുവ -ശാന്തിപുരം റോഡ് നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പെരുവ - ശാന്തിപുരം റോഡിന്റെ കഴിഞ്ചിക്കാട്ട് ഭാഗത്താണ് കാല്‍നടപോലും സാധ്യമല്ലാത്തവിധം കൂടുതല്‍ തകര്‍ന്നുകിടക്കുന്നത്.
തകര്‍ന്ന റോഡിന്റെ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കാല്‍നടയായി പോകുന്ന വിദ്യാര്‍ഥികള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ദിവസവും നൂറുകണക്കിന് ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ യാത്രക്കാര്‍ സഞ്ചരിക്കുന്ന വഴിയാണിത്.
പെരുവ മുതല്‍ ശാന്തിപുരം വരെ അറ്റകുറ്റ പണികള്‍ നടത്തിയെങ്കിലും ഈ ഭാഗത്ത് ഒരു പണിപോലും ചെയ്യാതിരുന്നതാണ് റോഡ് മഴ പെയ്തപ്പോള്‍ തകരാൻ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
പലതവണ അധികൃതരേയും ജനപ്രതിനിധികളേയും അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : Kottayam