ADVERTISEMENT
നെടുമങ്ങാട്: കെഎസ്ആർടിസി റിട്ട. സ്റ്റേഷൻ മാസ്റ്ററെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യാ സഹോദരൻ ജെ. ഷാജഹാനെ (52) നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. നെട്ടിറച്ചിറ ആസിഫ് മൻസിലിൽ അഷറഫി (68)നെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തൃശൂർ മെഡിക്കൽ കോളജിൽ ബിരുദാനന്തര ബിരുദ മെഡിക്കൽ വിദ്യാർഥിയായ ഏക മകൻ ഡോ. ആസിഫിനൊപ്പം താമസിച്ചിരുന്ന അഷറഫ് ഒരാഴ്ച മുൻപാണ് നെട്ടിറച്ചിറയിലെ കുടുംബ വീട്ടിൽ എത്തിയത്. ഭാര്യ മാജിദ രണ്ടു വർഷം മുൻപ് മരിച്ചതിനാൽ അഷറഫ് ഒറ്റക്കായിരുന്നു കുടുംബ വീട്ടിൽ താമസം.
കുടുംബ വീട്ടിലെത്തുമ്പോഴാണ് ഭാര്യക്കു കുടുംബ ഓഹരിയായി കിട്ടിയതെന്നു പറയുന്ന ഭൂമിയിൽനിന്നും അഷറഫ് ആദായമെടുത്തിരുന്നത്. പതിവുപോലെ ഇത്തവണയും കഴിഞ്ഞ തിങ്കളാഴ്ച ആദായമെടുക്കാനായി പണിക്കാരനേയും കൂട്ടി പറമ്പിലെത്തിയ അഷറഫിനെ സമീപത്തു താമസിക്കുന്ന ഭാര്യാ സഹോദരൻ ജെ. ഷാജഹാൻ തന്റെ സ്ഥലത്തുനിന്ന് ആദായമെടുക്കരുതെന്നു പറഞ്ഞു വിലക്കുകയായിരുന്നു.
ഇതു വകവയ്ക്കാതെ പണിക്കാരനൊപ്പം മുന്നോട്ടു നീങ്ങിയ അഷറഫിനെ ഷാജഹാൻ കൈയേറ്റം ചെയ്യുകയും ചെയ്തു. പരിക്കേറ്റ അഷറഫ് നെടുമങ്ങാട് താലൂക്കു ആശുപത്രിയിൽ ചികിത്സ തേടുകയും പോലീസിനു പരാതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം പുലർച്ചെ അഷറഫിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കാലിനേറ്റ അടിയിൽ നിന്നുമുള്ള ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നു സ്ഥിരീകരിച്ചു. കാലിലേറ്റ പരിക്കുമൂലം പ്രമേഹ രോഗിയായ അഷ്റഫിനു രക്തസമ്മർദം കൂടിയാണു മരണം സംഭവിച്ചതെന്നും വ്യക്തമായി.
ഇതിന്റെ അടിസ്ഥാനത്തിലാണു നെടുമങ്ങാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തതിൽ തർക്കമുണ്ടായതായും അഷറഫിനെ മർദിച്ചതായും പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
Tags : KSRTC Crime Kerala Police