ADVERTISEMENT
നയ്യാർഡാം: നെയ്യാർ ഡാമിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. 15 പേർക്കു പരിക്കേറ്റു. ഡ്രൈവർ മെഡിക്കൽ കോളജിൽ ചികിത്സയിൽ. ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം. കാട്ടാക്കടയിൽനിന്നു നെയ്യാർ ഡാമിലേക്കുപോയ ഓർഡിനറി ബസും ഡാമിൽനിന്നു തിരുവനന്തപുരത്തേക്കു പോയ ഫാസ്റ്റ് ബസും തമ്മിലാണ് നെയ്യാർഡാം തുണ്ടുനടയിൽ കൂട്ടിയിടിച്ചത്.
ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തനിടെയാണ് അപകടമുണ്ടായതെന്നു ദൃക്സാ ക്ഷികൾ പറയുന്നു. ഇതിൽ ഓർഡിനറി ബസിന്റെ ഡ്രൈവറായ വിജയകുമാർ എന്ന മണികുട്ടൻ ബസിന്റെ സ്റ്റിയറിംഗിൽ കുടുങ്ങിപ്പോയി. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചശേഷമാണു വിജയകുമാറിനെ പുറത്തെടുക്കാൻ സാധിച്ചത്.
പരിക്കേറ്റവരെ മലയിൻകീഴ് മണിയറവിള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ കൂടുതലും സ്ത്രീകളാണ്. ആരുടേയും പരിക്കു ഗുരുതരമല്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഞായറാഴ്ച ആയതിനാൽ അധികം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നില്ല.
അതിനാൽ തന്നെ വൻ അപകട ദുരന്തം ഒഴിവായി. വൻ ഇടിയുടെ ആഘാതത്തിൽ യാത്രക്കാർക്കു കമ്പിയിലും മറ്റും ഇടിച്ചാണ് പരിക്കേറ്റത്. രണ്ടു ബസുകളുടേയും കൂട്ടയിടയിൽ യാത്രക്കാർ പരിഭ്രാന്തരായി ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി. നാട്ടുകാർ വിവരം അറിയിച്ചതോടെ, ഇതിനിടെ കാട്ടാക്കട, നെയ്യാർഡാം എന്നിവിടങ്ങളിൽനിന്ന് ഫയർ ഫോഴ്സ് സംഘവും എത്തി. നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിച്ചത്.
റോഡിൽ ട്രാഫിക്ക് സിസ്റ്റം ഇല്ല; അറിയിപ്പ് ബോർഡും
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാർഡാമിലേയ്ക്കുള്ള പ്രധാന റോഡിണിത്. അടുത്തിടെ ഈ റോഡ് നവീകരിച്ചിരുന്നു. എന്നാൽ റോഡിൽ ട്രാഫിക്ക് സംവിധാ നം ഇല്ല. മാത്രമല്ല അറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല. വൻ വളവുകളും കയറ്റവും ഉള്ള റോഡാണിത്. എന്നാൽ ഈ ഭാഗത്ത് അറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുമില്ല. നല്ല വേഗതയിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു സ്ഥിരമായി മാറുന്നു.
നെയ്യാർഡാം റോഡിന്റെ വശത്തുള്ളത് വൻ കുഴി
കാട്ടാക്കട : നെയ്യാർഡാം റോഡിന്റെ വശത്ത് വൻ കുഴിയുണ്ട്. ഇതിനു സമീപത്തുകൂടിയാണ് നെയ്യാർ നദി കടന്നുപോകുന്നത്. അപകടം നടന്ന സ്ഥലത്തു നിന്നും കുറച്ചകലെയാണ് റോഡിനു സമീപത്തെ വൻ കുഴിയുണ്ടായിരുന്നത്. ഇതിൽ പെട്ടിരുന്നുവെങ്കിലും വൻ ദുരന്തം സംവിക്കുമായിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടികാട്ടുന്നു.
റോഡിൽ സംരക്ഷണ വേലി ഉൾപ്പടെ സ്ഥാപിക്കണമെന്നു പലവുരു നാട്ടുകാർ ആവശ്യപ്പെട്ടതാണ്. എന്നാൽ അതുണ്ടായില്ല. പൊതുമരാമത്ത് വകുപ്പും ഇറിഗേഷൻ വകുപ്പും തമ്മിലുള്ള ചേരിപ്പോരാണ് ഇതിനു പിന്നിലെന്നും അടിയന്തിരമായി സംരക്ഷണ വേലി സ്ഥാപിച്ചില്ലെങ്കിൽ വൻ സമരത്തിന് രൂപം നൽകുമെന്നു കള്ളിക്കാട് പഞ്ചായത്ത് പ്രസിഡൻന്റ് ശ്രീകുമാർ പറഞ്ഞു.
ഈ ഭാഗത്ത് ഇതിനകം തന്നെ നിരവധി അപകടങ്ങൾ നടന്നുകഴിഞ്ഞു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇവിടെ 20ളം അപകടങ്ങളാണ് നടന്നത്.
Tags : KSRTC Trivandrum