ADVERTISEMENT
കണ്ണൂർ: കണ്ണൂർ നഗരത്തിലടക്കം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു. ജയിന്റ് ആഫ്രിക്കൻ സ്നെയിൽ എന്നറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ച് സസ്യജാലങ്ങൾക്കും മനുഷ്യർക്കും ശരിക്കും ഭീകരൻ കൂടിയാണ്. ജില്ലയിൽ കണ്ണൂർ കോർപറേഷന്റെ വിവിധ ഭാഗങ്ങൾ, മുണ്ടേരി, ചക്കരക്കൽ, മയ്യിൽ, അഴിക്കോട്, കണ്ണപുരം, ചെറുകുന്ന്, ഇരിട്ടി, ചപ്പാരപ്പടവ് പഞ്ചായത്തിലെ പതിനേഴാം വാർഡായ എടക്കോം, മഠംതട്ട് എന്നിവിടങ്ങളിലെല്ലാം ഒച്ചുശല്യം രൂക്ഷമാണ്. പച്ചപ്പുകൾ കാർന്നുതിന്നു നശിപ്പിക്കുന്നതിനൊപ്പം വീട്ടിനകത്തും മറ്റും ഇഴഞ്ഞുനീങ്ങുന്നിടങ്ങളിലെ സ്രവവും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
മുട്ടയിൽനിന്ന് വിരിയുന്പോൾ ഒരു കടുകുമണിയോളം മാത്രമുള്ള ആഫ്രിക്കൻ ഒച്ച് കിട്ടിയതെല്ലാം കാർന്നുതിന്ന് ദിവസങ്ങൾക്കുള്ളിൽ വലിപ്പം പ്രാപിക്കും. പച്ചപ്പുകളാണ് പ്രധാന ഭക്ഷണം. പച്ചക്കറി, പൂച്ചെടികൾ, വാഴ, മഞ്ഞൾ, കവുങ്ങ്, കാപ്പി, കിഴങ്ങുവർഗങ്ങൾ, മണ്ണിലേക്ക് തുരന്നിറങ്ങി തെങ്ങിന്റെ വേരുകൾ എന്നിവയെല്ലാം ഇവ തിന്നുതീർക്കും. ആഫ്രിക്കൻ ഒച്ചുകൾ കാർഷികമേഖലയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കിണറുകളും മലിനമാക്കുന്നുണ്ട്.
പകൽച്ചെടികളുടെ മറവിലും മണ്ണിലും പുതഞ്ഞ് നിൽക്കുന്ന ഇവ വൈകുന്നേരങ്ങളോടെയാണ് കൂടുതലായും പുറത്തുവരിക. പകൽ വെയിലിന് ചൂടേറുന്പോഴേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറും. അതു കൊണ്ട് തന്നെ മഴക്കാലത്തും തണുപ്പുകാലത്തുമാണ് ഇവയെ കൂടുതലായി പകൽ സമയങ്ങളിൽ കണ്ടുവരുന്നത്. കട്ടിയുള്ള പുറന്തോടുള്ള ഇവയ്ക്കു മേൽ ഇരുചക്രവാഹനങ്ങൾ കയറി നിയന്ത്രണംവിട്ട് അപകടങ്ങളും സംഭവിക്കുന്നുണ്ട്.
ഓമനയായെത്തി ഭീകരനായി
അക്കാറ്റിന ഫുലിക് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചിന്റെ ജന്മദേശം കിഴക്കൻ ആഫ്രിക്കയാണ്. കടൽ ശംഖിനോടു സാമ്യമുള്ള തോടും വലിപ്പവും കാരണം കാഴ്ചക്കാരിൽ കൗതുകം നിറയ്ക്കുന്ന ഇത് ഒരു കാലത്ത് വീടുകളിൽ ചില്ലുകൂട്ടിലെ വളർത്തു ജീവിയായിരുന്നു. പിന്നീട് പലരും ഉപേക്ഷിച്ചതോടെ നാട്ടിൽ പെരുകി. ഒച്ചുകൾ നാട്ടിൽ പെരുകിയതിനെ തുടർന്ന് നടത്തിയ പഠനങ്ങളിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്.
മനുഷ്യരിൽ ഈസിനോഫിലിക് മെനിഞ്ചൈറ്റസ് എന്ന മസ്തിഷ്ക ജ്വരത്തിനിടയാക്കുന്ന ജീവികൂടിയാണിതെന്നാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. രോഗവാഹകരായ നിമ വിരകളെ പടർത്തുന്നതിലും ഇതിന് വലിയ പങ്കുണ്ട്. ആഫ്രിക്കൻ ഒച്ചിന്റെ ശരീരം നിമവിരകളുടെ ആവാസ കേന്ദ്രമാണ്. ഇഴഞ്ഞു നീങ്ങുന്നിടങ്ങളിലെ സ്രവങ്ങൾ സ്പർശിച്ച ശേഷം കൈകൾ ശരിയായ രീതിയിൽ കഴുകാതെ ഭക്ഷണം കഴിച്ചാലോ സ്രവം കലർന്ന പച്ചക്കറിയോ പഴ വർഗങ്ങളോ ശരിയാ രീതിയിൽ കഴുകാതെ ഭക്ഷിച്ചാൽ വിരകൾ ശരീരത്തിലേക്ക് കടക്കുകയും രോഗത്തിലേക്ക് നയിക്കുകയും ചെയ്യും.
വർഷത്തിൽ അഞ്ചു മുതൽ ആറു തവണ മുട്ടകളിടുന്ന ജീവിയാണ് ആഫ്രിക്കൻ ഒച്ച്. ഒരു തവണ 200 മുട്ടകൾ വരെ ഇടും. ആറു മാസം കൊണ്ട് പൂർണ വളർച്ചയെത്തുന്ന ഇവയുടെ ജീവിത ദൈർഘ്യം അഞ്ചു മുതൽ പത്തു വർഷമാണ്. ജീവിത ചക്രത്തിനിടയിൽ നിരവധി തവണ മുട്ടകളിടുന്നതിനാലാണ് ഒരു പ്രദേശത്ത് പെട്ടെന്ന് ഇവയുടെ പെരുപ്പം അനുഭവപ്പെടുന്നത്. ജൈവാവിശിഷ്ടങ്ങൾ കൂട്ടിയിടുന്നിടങ്ങളിലാണ് ഇവ മുമുട്ടിയിട്ട് പെരുകുന്നത്. ജൈവാവശിഷ്ടങ്ങൾ കൂട്ടിയിടാതിരിക്കലാണ് ഇവയുടെ വംശവർധന തടയാൻ ആദ്യം ചെയ്യേണ്ടത്.
Tags :