ADVERTISEMENT
രാജാക്കാട്: വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കര്‍ശന നപടികള്‍ സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ ഇടപെടല്‍ മാതൃകയാകുന്നു. ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍നിന്നും കൊളുക്കുമലയിലേക്കുള്ള ജീപ്പ് സവാരിയിലാണ് കൃത്യമായ പരിശോധനയും നടപടിയും സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് മാതൃകയാകുന്നത്.
കേരള-തമിഴ്നാട് അതിര്‍ത്തി മലനിരകളില്‍ ആരെയും ആകര്‍ഷിക്കുന്ന വിസ്മയക്കാഴ്ച ഒളിഞ്ഞിരിക്കുന്ന കൊളുക്കുമലതേടി ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികളാണെത്തുന്നത്. ഇവരെ ദുര്‍ഘടമായ പാതയിലൂടെ സുരക്ഷിതമായി മലമുകളിലെത്തിക്കാന്‍ ഇരുനൂറിലധികം വാഹനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഇവിടെ ഓരോ മൂന്നു മാസം കൂടുമ്പോഴും വാഹനങ്ങളുടെ പരിശോധന നടത്തും.
തുടര്‍ന്ന് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും പ്രായോഗിക പരിജ്ഞാനവുമുള്ള ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് അംഗീകൃത സ്റ്റിക്കറുകളും നല്‍കും. ഇപ്രകാരം സുരക്ഷാബാഡ്ജുള്ള വാഹനങ്ങള്‍ക്കു മാത്രമാണ് കൊളുക്കുമലയിലേക്ക് സഞ്ചാരികളുമായി പോകാന്‍ അനുമതി നൽകുന്നത്. ഇത്തവണയും പരിശോധന പൂര്‍ത്തിയാക്കിയതിനുശേഷം ഡ്രൈവര്‍മാര്‍ സുരക്ഷിതയാത്ര സുന്ദരമായ കാഴ്ച എന്ന മുദ്രാവാക്യമുയര്‍ത്തി ഗ്യാപ് റോഡിലൂടെ റോഡ് ഷോയും നടത്തി.
ഉടുമ്പന്‍ചോല സബ് ആര്‍ടിഒയുടെ നേതൃത്വത്തിലാണ് എല്ലാ മൂന്നു മാസം കൂടുമ്പോഴും പരിശോധന നടത്തി സ്റ്റിക്കറുകള്‍ നല്‍കുന്നത്. സവാരി നടത്തുന്നതിന് അനുമതിയുളള്ള ജീപ്പുകളില്‍ ആറുപേര്‍ക്കു മാത്രമാണ് യാത്രാനുമതി. നിലവില്‍ സൂര്യനെല്ലിയില്‍നിന്നു കൊളുക്കുമലയിലേക്കു സര്‍വീസ് നടത്തുന്നതിന് മൂവായിരം രൂപയാണ് ചാർജ് നിശ്ചയിച്ചിരിക്കുന്നത്.
Tags :