ADVERTISEMENT
തൊടുപുഴ: കാട്ടാനയുടെ മുന്നിൽപ്പെട്ട വ്യാപാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. മുങ്ങരിങ്ങാട് കൂറ്റപ്പിള്ളിൽ ജോയിയാണ് ആനയുടെ മുന്നിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം.
വലിയ കണ്ടംചാലിൽ ബേക്കറിയും ചായക്കടയും നടത്തുന്ന ജോയി കടയിലേക്കു പോകാനായി വീട്ടിൽനിന്ന് ബൈക്കിൽ വരുന്നതിനിടെ കാട്ടാന തൊട്ടടുത്ത പുരയിടത്തിൽനിന്ന് റോഡിലേക്ക് ഇറങ്ങുകയായിരുന്നു. ഒരു ആന മാത്രമാണ് ഉണ്ടായിരുന്നത്. ആന തൊട്ടുമുന്നിലെത്തിയതോടെ ബൈക്ക് ഉപേക്ഷിച്ച് ജോയി ഓടി രക്ഷപ്പെടുകയായിരുന്നു.
ആന പിന്നാലെ എത്താത്തതിനാലാണ് രക്ഷപ്പെടാനായതെന്നും ജോയി പറഞ്ഞു.
മുള്ളരിങ്ങാട് മേഖലയിലെ ജനങ്ങൾ ഇപ്പോൾ അതീവ ഭീതിയോടെയാണ് കഴിയുന്നത്. മുള്ളരിങ്ങാട് അമയൽതൊട്ടിയിൽ യുവാവിനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയതിനു ശേഷമാണ് ഇവിടെ ഭീതിയും ആശങ്കയും ശക്തമായത്. മേഖലയിൽനിന്ന് കാട്ടാനകളെ തുരത്തുന്നതു നിത്യ സംഭവമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
പലപ്പോഴും കാട്ടാനകൾ തന്പടിക്കുന്നത് പാതയോരത്താണ്. എന്നാൽ ഇവിടെ വെളിച്ചമില്ലാത്തതിനാൽ ആനകളെ കാണാൻ കഴിയില്ല. അതിനാൽ അപകടം ഉണ്ടാകാൻ സാധ്യതയേറെയാണ്. റോഡിനോട് ചേർന്നുള്ള വനമേഖലയിൽ അടിക്കാടുകൾ വെട്ടിക്കളയാത്തതും അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്.
അമയൽതൊട്ടിയിലെ കാട്ടാന ആക്രമണത്തിനു ശേഷം ജനവാസ മേഖലയിൽ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ച വൈദ്യുതി വേലിയുടെ കാര്യത്തിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.
അടിയന്തരമായി ഇത്തരം കാര്യങ്ങളിൽ അധികൃതർ ഇടപെടണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
Tags :