ADVERTISEMENT
കൊല്ലങ്കോട്: കരിപ്പാലി- വടവന്നൂർ പാതയിലുടനീളം ഗർത്തങ്ങൾ ഉണ്ടായി മഴവെള്ളം നിറഞ്ഞ് വാഹന- കാൽ നടയാത്ര ദുരിതമയം. ഇരുചക്രവാഹനങ്ങൾ ഗർത്തങ്ങളിൽ ഇടിച്ചിറങ്ങി മറിഞ്ഞ് യാത്രക്കാർ ചെളിവെള്ളത്തിൽ വീണ് പരിക്കേൽക്കുന്നത് സാധാരണമാണ്. വാഹനങ്ങൾ വെള്ളക്കെട്ടിൽ ഇറങ്ങി സഞ്ചരിക്കുമ്പോൾ ചെളിവെള്ളം യാത്രക്കാരുടെ ദേഹത്തും തെറിച്ച് വീഴുന്നുണ്ട്.
നാലു സ്വകാര്യബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കരിപ്പാലി പൊക്കുന്നി വഴി സഞ്ചരിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും റോഡിൽ തോടുപോലെയാണ് ചെളിവെള്ളം കെട്ടിനിൽക്കുന്നത്. ഇതിലൂടെ സഞ്ചരിക്കുന്ന ചരക്കുവാഹനങ്ങൾക്ക് യന്ത്രത്തകരാറും സംഭവിക്കുന്നതായി സമീപവാസികൾ പരാതിപ്പെടുകയാണ്. ഇതുവഴി രാത്രിസഞ്ചാരം തീർത്തും അപകടഭീതിയിലാണ്. ഇരുചക്രവാഹനയാത്രക്കാരൻ രാത്രിയിൽ വരുന്നതിനിടെ കെട്ടിൽക്കുന്ന വെള്ളക്കെട്ടിൽ വിഷപ്പാമ്പിനെക്കണ്ട് അപകട ജീവഭയത്തിൽ തിരിച്ചുപോവുകയാണുണ്ടായത്.
പ്രദേശത്തെ സ്കൂളിൽ വിദ്യാർഥികൾ വെള്ളക്കെട്ടിലൂടെ പോയിവരുന്നത് രക്ഷിതാക്കളുടെ ചങ്കിടിപ്പ് കൂട്ടുകയാണ്. പത്ത് വർഷം മുൻപാണ് റോഡ് അറ്റകുറ്റപ്പണി നടന്നിട്ടുള്ളതെന്നാണ് പതിവുയാത്രക്കാർ പറയുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് നവീകരണം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകാൻ യാത്രക്കാർ ഒപ്പുശേഖരണം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
Tags :