ADVERTISEMENT
ആലപ്പുഴ: മാവേലിക്കരയിലെ കുടിവെള്ള പദ്ധതിയുടെ പഴക്കം അമ്പതാണ്ട്. കാലപ്പഴക്കം കൊണ്ട് പദ്ധതി അവതാളത്തിലായിട്ട് കാലംകുറെയായി. പക്ഷേ, അധികൃതര്‍ തിരിഞ്ഞുനോക്കുന്നേയില്ല. കുടിവെള്ള വിതരണ ടാങ്കും പൈപ്പുകളും കാലപ്പഴക്കം കൊണ്ട് ചക്രശ്വാസം വലിക്കുകയാണ്.
പഴയ ആസ്ബസ്റ്റോസ് പൈപ്പാണു പലയിടത്തും ജലവിതരണത്തിന് ഉപയോഗിക്കുന്നത്. അതിനാല്‍ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയായ മാവേലിക്കരയില്‍ ജലവിതരണം എപ്പോള്‍ തടസപ്പെടും എന്നതു പ്രവചിക്കാന്‍ പോലും സാധ്യമല്ല. കാലപ്പഴക്കം ചെന്ന ട്രീറ്റ്മെന്റ് പ്ലാന്റിലെ ശുദ്ധീകരണം പോലും കൃത്യമാണോയെന്നു നഗരവാസികളില്‍ ആശങ്കയുണ്ട്.
ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമായി നാലുവര്‍ഷം മുന്‍പു പ്രഖ്യാപിച്ച പദ്ധതി പ്രവര്‍ത്തനം ഇഴയുന്നുവെന്ന് ആക്ഷേപം. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നഗരസഭ അതിര്‍ത്തിയിലും തഴക്കര പഞ്ചായത്ത്, ചെട്ടികുളങ്ങര പഞ്ചായത്തിലെ ഏതാനും പ്രദേശങ്ങളിലും ശുദ്ധജലം എത്തിക്കുന്ന തഴക്കര ശുദ്ധജല പദ്ധതിക്കു 2021ല്‍ പ്രാഥമിക അംഗീകാരം ലഭിച്ചതാണ്.
പദ്ധതി പ്രകാരം അച്ചന്‍കോവിലാറ്റിലെ മണ്ഡപത്തിന് കടവിനു സമീപം പുതിയ കിണര്‍ സ്ഥാപിച്ചു വെള്ളം പമ്പ് ചെയ്തു ബിഷപ് ഹോഡ്ജസ് എച്ച്എസ്എസിനു സമീപത്തുള്ള ജലഅഥോറിറ്റി വളപ്പില്‍ എത്തിക്കും.
ഇവിടെ പുതിയതായി ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കും. ശുദ്ധീകരിക്കുന്ന വെള്ളം പുതിയ ഓവര്‍ഹെഡ് ടാങ്കില്‍ ശേഖരിച്ചു വിതരണം ചെയ്യുന്നതാണു പദ്ധതി. പദ്ധതിയുടെ ഭാഗമായി കല്ലിമേല്‍ നൂറേക്കറിലും സംഭരണി നിര്‍മിക്കും. 11 ലക്ഷം ലീറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കില്‍നിന്നു തഴക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വെള്ളം എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, പദ്ധതിക്കു വേണ്ടത്ര വേഗം ഇല്ലെന്നാണ് ആക്ഷേപം ഉയരുന്നത്. അന്തിമ അംഗീകാരം ലഭിച്ചു നിര്‍മാണ ജോലികള്‍ ആരംഭിക്കണമെന്നാണ് ആവശ്യം.
ബിഷപ് ഹോഡ്ജസ് സ്കൂളിനു സമീപത്തെ ജലസംഭരണിക്കു കാലപ്പഴക്കം ഏറെയാണ്. ടാങ്കിന്റെ ഗോവേണി പലയിടത്തും തകര്‍ന്നു. സംഭരണിയുടെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്നുവീഴുന്ന അവസ്ഥയാണ്. നിലവിലെ സംഭരണി എത്രനാള്‍ എന്ന ചോദ്യം ഉയരുമ്പോള്‍ പുതിയ സംഭരണി നിര്‍മാണം വേഗം ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. മാവേലിക്കര ജലഅഥോറിറ്റി വളപ്പില്‍ സ്ഥാപിക്കുന്ന പുതിയ ട്രീറ്റ്മെന്റ് പ്ലാന്റിനും ടാങ്കിനും പുതിയ സ്ഥലം കണ്ടെത്തണ്ട എന്ന അനുകൂല ഘടകം ഉള്ളപ്പോഴും പദ്ധതി വൈകുന്നു എന്നതാണ് ആക്ഷേപം.
Tags :