ADVERTISEMENT
മാങ്കാംകുഴി: തഴക്കര പഞ്ചായത്തിലെ കോട്ടമുക്കിലെ നൂറേക്കർ ജില്ലാ കൃഷിത്തോട്ടത്തിൽനിന്നു വലിയ ഉരുളി മോഷണം പോയി. ഏകദേശം അരലക്ഷം രൂപ വിലവരുന്ന 38 കിലോ തൂക്കം വരുന്ന ഇന്റാലിയത്തിന്റെ വലിയ ഉരുളിയാണ് കഴിഞ്ഞദിവസം മോഷണം പോയത്. എ ബ്ലോക്കിലെ എസി കെട്ടിടത്തിലെ ഹാളിലാണ് ഉരുളി സൂക്ഷിച്ചിരുന്നത്. ഉരുളി കാണാതായ വിവരം എ ബ്ലോക്കിലെ തൊഴിലാളികളെ കൃഷി ഓഫീസർ വാട്സ് ആപ് ഗ്രൂപ്പിലൂടെ അറിയിച്ചു.
തൊഴിലാളികൾക്ക് ആർക്കെങ്കിലും ഉരുളി മാറ്റിവച്ചതുമായി ബന്ധപ്പെട്ട് വിവരം ഉണ്ടങ്കിൽ ഉടൻ അറിയിക്കണം എന്നാണ് അറിയിച്ചത്. എന്നാൽ, തൊഴിലാളികളെ മാത്രം സംശയിക്കുന്നതിനെതിരേ തൊഴിലാളികളും രംഗത്തെത്തി. ഉദ്യോഗസ്ഥർ അറിയാതെ ഉരുളി കാണാതാവില്ല എന്ന് തൊഴിലാളികളും പ്രതികരിച്ചു. തുടർന്നാണ് കൃഷിത്തോട്ടം അധികൃതർ മാവേലിക്കര പോലീസിൽ പരാതി നൽകിയത്.
പോലീസിൽ പരാതി നൽകിയെന്നും അന്വേഷണത്തിന് പോലീസ് എത്തുമെന്നും തൊഴിലാളികളെയും മറ്റ് ഉദ്യോഗസ്ഥരെയും വാട്സ് ആപ് ഗ്രൂപ്പിലൂടെ ഓഫീസർ വീണ്ടും അറിയിച്ചതിനു പിന്നാലെയാണ് പുതിയ ഉരുളി പ്രത്യക്ഷപ്പെട്ടത്.
ജില്ലാ കൃഷിത്തോട്ടത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ കാട് നിറഞ്ഞ പ്രദേശത്തുനിന്നു ഇന്നലെ രാവിലെ മെഷീൻ ഉപയോഗിച്ച് പുല്ലുവെട്ടുന്ന തൊഴിലാളികളാണ് പുതിയ ഉരുളി കണ്ടെത്തിയത്. ജില്ലാ കൃഷിത്തോട്ടത്തിനുള്ളിൽ മോഷണം പതിവാണ്. ഏതാനും മാസങ്ങൾക്കു മുമ്പ് മോട്ടോറുകൾ മോഷണം പോയി. കൂടാതെ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും മോഷണം പോകാറുണ്ട്.
എന്നാൽ, മോഷണം പോയത് കണ്ടെത്താനും മോഷ്ടാക്കളെ പിടികൂടാനും കൃത്യമായ അന്വേഷണം നടത്താറില്ലെന്നാണ് ആക്ഷേപം. അതിനാലാണ് വീണ്ടും ഇവിടെ മോഷണം നടക്കുന്നതെന്നാണ് പരാതി ഉയരുന്നത്.
Tags :