ADVERTISEMENT
കൊല്ലങ്കോട്: പാലക്കാട്- പൊള്ളാച്ചി ബ്രോഡ്ഗേജ് ലൈൻ ചരക്ക് കടത്തിനു മാത്രമായി വഴിമാറുന്നതിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തം. 800 കോടി ചെലവഴിച്ച് പാലക്കാട് -രാമേശ്വരം പാത നവീകരിച്ചപ്പോൾ കൂടുതൽ യാത്രാസൗകര്യം ഉണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങൾ. 50 കോടി ചെലവഴിച്ച് ബ്രോഡ്ഗേജ് ലൈൻ വൈദ്യുതീകരണവും വർഷങ്ങൾക്ക് മുൻപ് പൂർത്തികരിച്ചു.
എന്നാൽ മീറ്റർ ഗേജിൽ ഓടിയിരുന്ന ആറു ജോടി പാസഞ്ചർ ട്രെയിൻ പുനഃസ്ഥാപിക്കാൻ വർഷം എട്ട് കഴിഞ്ഞും ഒരു നടപടിയുമില്ല. പാസഞ്ചർ ട്രെയിൻ പുനഃസ്ഥാപിക്കാൻ നാട്ടുകാർ നിരവധി തവണ സമരങ്ങൾ നടത്തിയിട്ടും ഫലമില്ല.
പാസഞ്ചർ ട്രെയിനുകൾക്കായുള്ള യാത്രക്കാരുടെ കാത്തിരിപ്പിന് മുന്നിൽ ചീറിപ്പായുന്നത് ഗുഡ്സ് ട്രെയിനുകളാണ്. നിലവിൽ തിരുച്ചെന്തൂർ പാസഞ്ചർ , അമൃത എക്സ്പ്രസ് , ചെന്നെ സൂപ്പർ ഫാസ്റ്റ് ട്രെയിനു കളാണ് സർവീസ് നടത്തുന്നത്. യാത്രക്കാർക്ക് യാത്രാസൗകര്യം ലഭിക്കുന്ന പാസഞ്ചർ ട്രെയിന് രാത്രിസഞ്ചാരമെന്നതിനാൽ പകൽ യാത്രക്ക് പറ്റില്ല.
മധുര-തിരുവനന്തപുരം അമൃതക്ക് മീനാക്ഷിപുരം, മുതലമട, വടകന്യാപുരം, പുതുനഗരം സ്റ്റേഷനുകളിൽ സ്റ്റോപ്പില്ല. കൊല്ലങ്കോട് മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ചെന്നൈ ഫാസ്റ്റിന് അഞ്ച് സ്റ്റേഷനുകളിലും സ്റ്റോപ്പില്ല.
പാലക്കാട് -മധുര പാതയിൽ മെമുഓടിക്കാൻ നടപടി സ്വീകരിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചതും നടപ്പിലാവാതെ നീളുകയാണ്.
യാത്രക്കാർക്ക് പ്രതീക്ഷ നൽകി ഡബിൾ ഡക്കർ ഓടിക്കാൻ പാലക്കാട് - പഴനിപാതയിൽ ട്രയൽറൺ നടത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല.
പരീക്ഷണ ഓട്ടം വിജയകരം എന്ന് അറിയിച്ചെങ്കിലും പത്തുമാസം കഴിഞ്ഞും ഡബിൾ ഡക്കർ പാളത്തിലെത്തിയില്ല.
പാലക്കാട് -പൊള്ളാച്ചി പാത ഗുഡ്സ് ട്രെയിനുകൾക്കുള്ള ഫ്ലാഗ്സ്റ്റേഷനുകളായി മാറുമോ എന്നാണ് യാത്രക്കാരുടെ ആശങ്ക.
Tags :