ADVERTISEMENT
കോഴിക്കോട്: ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നവര്‍ കൗണ്ടറില്‍ നേരിട്ട് പണമടക്കുന്നതിന് പകരം ഡിജിറ്റൽ പേയ്മെന്റ് ചെയ്യണമെന്ന് ജീവനക്കാര്‍ നിര്‍ബന്ധം പിടിച്ചതോടെ യാത്രക്കാര്‍ പലരും വഴിയാധാരമായി. ഓണ്‍ലൈന്‍ പേയ്മെന്റ് പ്രോത്സാഹിപ്പിക്കണമെന്ന റെയില്‍വേ മന്ത്രാലയത്തിന്റെ ചുവട് പിടിച്ചാണ് പുതിയ പരിഷ്കാരം അടിച്ചേല്പിക്കുന്നത്.
പ്രായമായവര്‍ക്കും ഡിജിറ്റൽ പേയ്മെന്റ് സംവിധാനം അറിയാത്തവര്‍ക്കും ഇത് വിനയായി. സ്ഥിരമായി യാത്ര ചെയ്യുന്ന പലരും വിഷമത്തിലായി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. പാലക്കാട് ഡിവിഷനിലെ സ്റ്റേഷനുകളിലാണ് പ്രധാനമായും നടപ്പാക്കുന്നത്. വടകര റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി.
റെയില്‍വേയുടെ നിര്‍ദേശമാണെന്നാണ് ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാര്‍ പറയുന്നതെങ്കിലും അത്തരമൊരു നിര്ദേശമുണ്ടായിട്ടില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച ദിവസം തന്നെയാണ് ഇത്തരമൊരു പരിഷ്കാരം നടപ്പാക്കുന്നത്. ആളുകള്‍ക്ക് ചില്ലറ നല്കി സമയം മിനക്കെടുത്തേണ്ട എന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. പ്രായമായവരും സ്ത്രീകളും മറ്റും ഗൂഗിള്‍ പേയ്മെന്റ് സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയുന്നവരല്ല.
ട്രെയിന്‍ എത്തുന്നതിന് തൊട്ടു മുമ്പ് എത്തുന്ന യാത്രക്കാര്‍ക്ക് ഒരിക്കലും ഡിജിറ്റലായി ടിക്കറ്റ് വാങ്ങാന്‍ സാധിക്കില്ല. എംപിമാരും എംഎല്‍എ മാരും ഉള്‍പ്പെടുന്ന ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെടുന്നുണ്ട്.
ടിക്കറ്റ് ബുക്കിംഗിനും മറ്റും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിന് പിന്നാലെയാണ് യാത്രക്കാരെ പെരുവഴിയിലാക്കുന്ന പരിഷ്കാരം പരോക്ഷമായി നടപ്പാക്കുന്നത്. ട്രെയിനുകളുടെ കുറവും യാത്രക്കാരുടെ ബാഹുല്യവും കാരണം കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ യാത്രക്കാര്‍ പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് ഇത്തരം ഒരു പരിഷ്കാരം കൂടി അടിച്ചേല്‍പ്പിക്കുന്നത്.
Tags : Digital Payment Kozhikode