ADVERTISEMENT
തൊടുപുഴ: കോട്ടയത്ത് മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയാറായിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ ആശുപത്രിയിലാണ് ഈ സംഭവം നടന്നതെങ്കിൽ എന്തെല്ലാം നടപടിയെടുക്കുമായിരുന്നു. ആശുപത്രിയിലെ പ്രശ്നങ്ങളുടെ കുറ്റം ഉമ്മൻ ചാണ്ടി സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
സംസ്ഥാനത്ത് ഒന്‍പതു വർഷത്തെ ഇടതു ഭരണംകൊണ്ട് ആരോഗ്യമേഖലയുടെ പ്രവർത്തനം താറുമാറായി. ആരോഗ്യമന്ത്രി മാത്രമല്ല, സർക്കാർ രാജിവച്ചൊഴിയുകയാണ് വേണ്ടത്. സർക്കാർ ആശുപത്രികൾ അന്താരാഷ്ട്ര നിലവാരത്തിലാണെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയെങ്കിൽ നഷ്ടപരിഹാരവും നടപടികളുമെല്ലാം അന്താരാഷ്ട്ര നിലവാരത്തിൽ തന്നെയാകണം. ബിന്ദുവിന്റെ കുടുംബത്തിന് ഒരു കോടിയെങ്കിലും സഹായധനം നൽകണം.
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ മരുന്നിന്റെ ലഭ്യതയിൽ കുറവുണ്ട്. സൗജന്യ ചികിത്സ ഇല്ലാതാകുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇടുക്കി മെഡിക്കൽ കോളജും ജില്ലാ ആശുപത്രിയും തകർച്ചയുടെ വക്കിലാണ്. 2014-ൽ ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച മെഡിക്കൽ കോളജിന് ഫയർ സേഫ്റ്റി ക്ലിയറൻസ് ലഭിക്കാതെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നുവെന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
Tags :