ADVERTISEMENT
ചങ്ങനാശേരി: ബ്രത്ത്ലൈസര് പരിശോധിക്കുന്നത് സംബന്ധിച്ച് തര്‍ക്കത്തെത്തുടര്‍ന്ന് സിപിഎം നേതാവും എസ്ഐയും തമ്മില്‍ തര്‍ക്കം ഉന്തിലും തള്ളിലുമെത്തിയ സംഭവത്തിൽ സിപിഎം നേതാവിനെതിരേ ചങ്ങനാശേരി പോലീസ് കേസെടുത്തു.
സിപിഎം ഏരിയ കമ്മിറ്റി അംഗവും ചങ്ങനാശേരി നഗരസഭ 29-ാംവാര്‍ഡ് കൗണ്‍സിലറുമായ പി.എ. നിസാറിനെതിരേയാണ് പോലീസ് കേസെടുത്തത്. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുക, കൈയേറ്റം ചെയ്യുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. എസ്എച്ച്ഒ ബി. വിനോദ്കുമാറാണ് കേസ് അന്വേഷിക്കുന്നത്. ചങ്ങനാശേരി സ്റ്റേഷനിലെ ജൂണിയര്‍ എസ്ഐ ടിനുവിനു നേരേയാണ് ഭീഷണിയും കൈയേറ്റവും അരങ്ങേറിയത്.
വെള്ളിയാഴ്ച രാത്രി 8.30ന് ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷന് സമീപം മുനിസിപ്പല്‍ ആര്‍ക്കേഡ് ഭാഗത്താണ് മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ജൂണിയര്‍ എസ്ഐ ടിനുവിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തിയത്.
അതുവഴി ബൈക്കിലെത്തിയ പി.എ. നിസാറിനെ തടഞ്ഞുനിര്‍ത്തിയ ജൂണിയര്‍ എസ്ഐ ബ്രത്തലൈസറില്‍ ഊതണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിസാര്‍ നിരസിക്കുകയും യന്ത്രം തട്ടിമാറ്റുകയും ചെയ്തു. പരിശോധിക്കണമെന്ന് എസ്ഐ നിലപാടെടുത്തതോടെ വാക്കേറ്റവും പിടിവലിയും തുടര്‍ന്ന് കൈയേറ്റത്തിലെത്തുകയുമായിരുന്നു.
തുടര്‍ന്ന് സിപിഎം, സിഐടിയു പ്രവര്‍ത്തകരും മറ്റാളുകളും സംഘടിച്ചെത്തി. സംഭവത്തിനിടയില്‍ ഒരുസംഘം ആളുകള്‍ എസ്ഐയെ ഉന്തിത്തള്ളി പോലീസ് ജീപ്പില്‍ കയറ്റുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഘര്‍ഷത്തിനിടയില്‍ എസ്ഐയെ അക്രമിക്കാന്‍ ശ്രമിച്ചവരെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടപടി സ്വീകരിക്കും.
സംഭവത്തില്‍ പി.എ. നിസാര്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തിട്ടില്ല. എസ്ഐ ടിനു രാത്രിയില്‍ ചികിത്സ തേടിയ ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലേക്ക് സിപിഎം, എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയതോടെ എസ്ഐ സ്വകാര്യ ആശുപത്രിയിലേക്കു മാറുകയായിരുന്നു.