ADVERTISEMENT
തൊടുപുഴ: ജില്ലയിൽ ഈ വർഷവും റോഡപകടങ്ങളിൽ വൻ വർധന. ജനുവരി ഒന്നു മുതൽ ജൂണ് 30 വരെ ജില്ലയിൽ ചെറുതും വലുതുമായ 552 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികളുമായി ട്രക്കിംഗിനുപോയ ജീപ്പ് പോതമേട് വ്യൂ പോയിന്റിന് താഴ്ഭാഗത്തുവച്ച് നിയന്ത്രണംവിട്ടു മറിഞ്ഞ് തമിഴ്നാട് സ്വദേശി മരിച്ചതാണ് ഒടുവിലത്തെ സംഭവം. ആറു മാസത്തിനിടെ റോഡപകടങ്ങളിൽ മരിച്ചത് 62 പേരാണ്. ഒരു മാസം ശരാശരി 10 പേർ ജില്ലയിൽ വാഹനാപകടങ്ങളിൽ മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത
അപകടങ്ങളിൽ 793 പേർക്കാണ് പരിക്കേറ്റത്. ഇതിൽ 53 അപകടങ്ങളിലായാണ് 61 പേർ മരിച്ചത്. ഇതിനു പുറമേ കേസെടുക്കാതെ ഒത്തുതീർപ്പിലെത്തുന്നതും നിസാര പരിക്കുകളോടെ രക്ഷപ്പെടുന്ന അപകടങ്ങളുമുണ്ട്. അപകടത്തിൽപ്പെടുന്നതിൽ ഏറെയും ഇരുചക്ര വാഹനങ്ങളാണ്. മോട്ടോർ വാഹനവകുപ്പും പോലീസും പരിശോധനകളും ബോധവത്കരണവും ശക്തമാക്കുന്പോഴും ജില്ലയിലെ റോഡുകളിൽ അപകടങ്ങളും ഇതുമൂലമുള്ള മരണനിരക്കും ഉയർന്നു നിൽക്കുകയാണ്.
അമിതവേഗം, അശ്രദ്ധ എന്നിവയാണ് അപകടങ്ങൾക്കു പ്രധാന കാരണം. മലയോര പാതകളിലൂടെ വാഹനമോടിക്കുന്നതിലുള്ള പരിചയക്കുറവും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിലേറെയും യുവാക്കളാണ്. വളവുകളും തിരിവുകളും നിറഞ്ഞതാണു ജില്ലയിലെ റോഡുകളിൽ ഭൂരിഭാഗവും. ഇത്തരം റോഡുകളിലൂടെ അമിത വേഗത്തിൽ വാഹനമോടിക്കുന്നത് അപകടങ്ങൾക്ക് വഴിവയ്ക്കുമെന്ന് മോട്ടോർ വാഹന വകുപ്പധികൃതർ പറയുന്നു.
മതിയായ വിശ്രമം ഇല്ലാതെ ഡ്രൈവർമാർ വാഹനമോടിക്കുന്നത്, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, രാത്രി ഹെഡ്ലൈറ്റ് ഡിം ചെയ്യാത്തത്, ഡ്രൈവിംഗിനിടയിലെ മൊബൈൽ ഫോണ് ഉപയോഗം എന്നിവയെല്ലാം അപകടങ്ങൾക്കു വഴിതെളിക്കുന്നു. വാഹനപ്പെരുപ്പവും റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.
ഹൈറേഞ്ചിലെ പല റോഡുകൾക്കും ആവശ്യമായ വീതിയോ പാതയോരങ്ങളിൽ സംരക്ഷണ ഭിത്തിയോ ഇല്ല. കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡുകളുടെ ശോച്യാവസ്ഥയാണ് മറ്റൊരു കാരണം.
ഈർപ്പമുള്ള റോഡും, കാഴ്ച മങ്ങുന്ന വിധത്തിലുള്ള കനത്ത മഴയും മൂടൽമഞ്ഞും അപരിചിതമായ റോഡുകളിലെ കുഴികളും മഴക്കാലത്ത് അപകടസാധ്യത വർധിപ്പിക്കുന്നു. മഴയിലും കാറ്റിലും വാഹനങ്ങൾക്കു മുകളിലേക്ക് മരം ഒടിഞ്ഞുവീണും ജില്ലയിൽ അപകടങ്ങൾ ഉണ്ടാകാറുണ്ട്.
Tags :