ADVERTISEMENT
ഇടുക്കി: ആദിവാസി വിഭാഗത്തിലെ യുവജനങ്ങളെയും കുട്ടികളെയും വായനയിലേയ്ക്ക് ആകർഷിക്കാൻ സംസ്ഥാന വന വികസന ഏജൻസിയുടെ ധനസഹായത്തോടെ ഇടുക്കി വന്യജീവി സങ്കേതത്തിലെ കണ്ണംപടി ട്രൈബൽ സെറ്റിൽമെന്റിൽ ഉൾപ്പെടുന്ന കൊല്ലത്തിക്കാവ്, മേമാരി, കത്തിതേപ്പൻ ഉന്നതികളിൽ ആരംഭിച്ച വായനശാലകളുടെ ഉദ്ഘാടനം വാഴൂർ സോമൻ എംഎൽഎ നിർവഹിച്ചു.
ഇവിടെ പ്രവർത്തിച്ചുവരുന്ന ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികളുടെ മേൽനോട്ടത്തിലാണ് വായനശാലകളുടെ പ്രവർത്തനം. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കെ.ജേക്കബ് അധ്യക്ഷത വഹിച്ചു. ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി.ജയചന്ദ്രൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ബി. പ്രസാദ് കുമാർ, പഞ്ചായത്ത് മെംബർ ഷീബ സത്യനാഥ് എന്നിവർ പ്രസംഗിച്ചു.
തളിര് എന്ന പേരിൽ ഇടുക്കി വൈൽഡ് ലൈഫ് ഡിവിഷനാണ് വവായനശാലകൾ ആരംഭിക്കാൻ മുൻകൈയെടുത്തത്. ഇഡിസികൾക്ക് സ്വന്തമായുള്ള കെട്ടിടങ്ങളിലാണ് വായനശാലകൾ ഒരുക്കിയിരിക്കുന്നത്. യാത്രാ വിവരണങ്ങൾ, വൈജ്ഞാനിക ഗ്രന്ഥങ്ങൾ, ബാലസാഹിത്യ കൃതികൾ, കഥകൾ, നോവലുകൾ, ബാലസാഹിത്യ കൃതികൾ എന്നീ വിഭാഗങ്ങൾക്കു പുറമേ പിഎസ്സി പരീക്ഷയ്ക്കും പ്രയോജനപ്പെടുന്ന പുസ്തകങ്ങളും വായനശാലയിൽ ഒരുക്കിയിട്ടുണ്ട്.
Tags :