ADVERTISEMENT
തകരാര്‍ പരിഹരിക്കാതിരുന്നാൽ മടക്കം ചരക്കുവിമാനത്തില്‍
വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ആഴ്ചകള്‍ക്ക് മുമ്പ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ ബ്രിട്ടന്റെ അമേരിക്കന്‍ നിര്‍മിത യുദ്ധവിമാനം എഫ്-35 ബി തിരികെ കൊണ്ടുപോകാനായി ബ്രിട്ടനില്‍ നിന്നും 25 പേരടങ്ങുന്ന വിദഗ്ധ സംഘം ഇന്നെത്തും. ലോക്ഹീഡ് സി 130 ഹേര്ക്കുലിസ് എന്ന പടുകൂറ്റന്‍ വിമാനാവുമായാണ് സംഘം എത്തുക.
വിമാനം കേടുപാടുകള്‍ തീര്‍ത്തു തിരികെ പറത്തിക്കൊണ്ടുപോകാന്‍ കഴിയാതെ വന്നാല്‍ ചിറകുകള് ഇളക്കിമാറ്റി ചരക്കുവിമാനത്തില്‍ കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടാണ് സംഘം എത്തുന്നത്. സംഘത്തില്‍ വിമാന നിര്‍മാതാക്കളായ ലോക്ഹീഡ് മാര്‍ട്ടിന്റെ സാങ്കേതിക വിദഗ്ധരും ഉണ്ടാകുമെന്നാണ് സൂചന.
അറബിക്കടലില്‍ സൈനികാഭ്യാസത്തിനെത്തിച്ച എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35 ബി യുദ്ധവിമാനം മോശം കാലാവസ്ഥയെതുടര്‍ന്ന് ആകാശത്ത് ഏറെ നേരം വട്ടമിട്ടുപറന്നതിനെത്തുടര്ന്ന് ഇന്ധനക്കുറവ് കാരണം ജൂണ്‍ 14ന് രാത്രി 9.30 ഓടുകൂടിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്.
തുടര്‍ന്ന് അടുത്ത ദിവസം ഇന്ധനം നിറച്ചെങ്കിലും സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു മടങ്ങി പോകാന്‍ കഴിഞ്ഞിരുന്നില്ല. അറബിക്കടലില്‍ നങ്കൂരമിട്ടിരുന്ന ബ്രിട്ടന്റെതന്നെ യുദ്ധകപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സില്‍ നിന്നും ഏഴുപേരടങ്ങുന്ന സംഘം ആദ്യം എത്തി പരിശോധിച്ചെങ്കിലും സംഘത്തിന് തകരാര്‍ കണ്ടെത്താനോ പരിഹരിക്കുന്നതിനോ കഴിഞ്ഞിരുന്നില്ല.
ദിവസങ്ങള്‍ നീണ്ടുപോയതിനെത്തുടര്‍ന്നാണ് അന്താരാഷ്ടവിമാനത്താവളത്തില്നിന്നും വിമാനം ആഭ്യന്തര ടെര്‍മിനലിനോടു ചേര്‍ന്നുള്ള നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാ വലയത്തിലേക്ക് എഫ്-35 വിമാനം മാറ്റിയത്.
Tags : Air Force Trivandrum