ADVERTISEMENT
ടാറ്റാ മോട്ടോഴ്സ് ചെറുകിട ബിസിനസുകാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഫോർവീലർ മിനി ട്രക്ക് ടാറ്റാ എയ്സ് പ്രോ വിപണിയിൽ എത്തി. പെട്രോൾ, ബൈഫ്യുവൽ (സിഎൻജി + പെട്രോൾ), ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭിക്കുക.
ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങളും ബജറ്റും അനുസരിച്ച് വേരിയന്റുകൾ തെരഞ്ഞെടുക്കാനാകും. ടാറ്റാ എയ്സ് പ്രോയുടെ പ്രാരംഭവില 3.99 ലക്ഷം രൂപയിലാണ് തുടങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഫോർ വീലർ മിനി ട്രക്കാണിത്.
ടാറ്റാ മോട്ടോർസിന്റെ വാണിജ്യ വാഹന ഡീലർഷിപ്പുകളിൽ നിന്നും ഉപഭോക്താക്കൾക്ക് വാഹനം ബുക്ക് ചെയ്യാവുന്നതാണ്. മഹീന്ദ്ര ജീറ്റോ, മാരുതി സുസുക്കി സൂപ്പർ കാരി, ത്രീ വീൽ വാഹനങ്ങൾ എന്നിവരാണ് ടാറ്റ എയ്സ് പ്രോയുടെ പ്രധാന എതിരാളികൾ.
സവിശേഷത
വാഹനം പ്രധാനമായും ചെറിയ തോതിലുള്ള ചരക്ക് ഗതാഗതത്തിനായി നിർമിച്ചിട്ടുള്ളതാണ്. 750 കിലോഗ്രാം പേലോഡ് ശേഷിയും 6.5 അടി നീളമുള്ള ഡെക്കാണ് വാഹനത്തിനുള്ളത്. ഫാക്ടറി ഫിറ്റഡ് ലോഡ് ബോഡി ഉപയോഗിച്ചാണ് വാഹനം ഇറക്കിയിരിക്കുന്നത്.
അതിനാൽ പ്രത്യേകം ബോഡി നിർമിക്കേണ്ട ആവശ്യം വരുന്നില്ല. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ഹാഫ് ഡെക്ക് അല്ലെങ്കിൽ ഫ്ലാറ്റ്ബെഡ് ഓപ്ഷനിൽ വാഹനം വാങ്ങാം. എർഗണോമിക് സീറ്റ്, വിശാലമായ ക്യാബിൻ, സ്മാർട്ട് കണക്ടിവിറ്റി തുടങ്ങിയ പ്രത്യേകതകളോടെയാണ് ടാറ്റാ എയ്സ് പ്രോ നിരത്തിലിറങ്ങിട്ടുള്ളത്.
വാഹനത്തിന്റെ ഷാസി വളരെ കരുത്തുറ്റ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ ഏത് റോഡിലൂടെയും ഇതിന് സഞ്ചരിക്കാനാവും.
കരുത്ത്
എയ്സ് പ്രോയുടെ മൂന്ന് വേരിയന്റുകളിൽ പെട്രോൾ പതിപ്പിന് 694 സിസി എൻജിനാണുള്ളത്. ഇത് 30 ബിഎച്ച്പി പവറും 55 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. സിഎൻജി പതിപ്പ് 26 ബിഎച്ച്പി പവറും 51 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
ആവശ്യമുള്ളപ്പോൾ എൻജിൻ സ്റ്റാർട്ട് ചെയ്യാൻ കഴിയുന്ന തരത്തിൽ അഞ്ച് ലിറ്റർ പെട്രോൾ റിസർവ് ടാങ്കും ഇതിലുണ്ട്. ഇലക്ട്രിക് പതിപ്പിൽ 38 ബിഎച്ച്പി പവറും 104 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.
പൂർണ്ണമായി ചാർജ് ചെയ്താൽ 155 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ ഈ വേരിയന്റിന് കഴിയുമെന്ന് കന്പനി അവകാശപ്പെടുന്നു. ഇവി പതിപ്പ് നഗരങ്ങളിൽ സുഖകരമായി വാഹനമോടിക്കാൻ പറ്റുന്നതരത്തിലാണ് നിർമിച്ചിരിക്കുന്നത്.