ADVERTISEMENT
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ആൾക്കൂട്ട വിചാരണയെത്തുടർന്ന് തെറ്റായ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു ജയിലിലടച്ച കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാമ്യാപേക്ഷ എൻഐഎ കോടതിയിലേക്കു വിടേണ്ട ആവശ്യമില്ലായിരുന്നുവെന്നും കേരളത്തിൽനിന്നുള്ള എംപിമാരോട് മന്ത്രി പറഞ്ഞു. ഇതോടെ, മലയാളി സിസ്റ്റർമാരായ പ്രീതിയുടെയും വന്ദനയുടെയും എട്ടു ദിവസം നീണ്ട അനാവശ്യ ജയിൽവാസം ഇന്ന് അവസാനിച്ചേക്കും.
കന്യാസ്ത്രീമാരുടെ ജാമ്യത്തിനായി ഛത്തീസ്ഗഡ് ഹൈക്കോടതിയെ ഇന്നു സമീപിക്കുമെന്ന് കത്തോലിക്കാസഭ പ്രതിനിധികൾ പറഞ്ഞു. എന്നാൽ അമിത് ഷാ നിർദേശിച്ചതുപോലെ ദുർഗ് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകണമോയെന്ന കാര്യത്തിൽ കന്യാസ്ത്രീമാർക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകരാകും തീരുമാനിക്കുക. എൻഐഎ കോടതിയിൽനിന്നു കേസ് വിടുതൽ ചെയ്യാനുള്ള അപേക്ഷ ഛത്തീസ്ഗഡ് സർക്കാർ തന്നെ നൽകുമെന്ന് എൽഡിഎഫ്, യുഡിഎഫ് എംപിമാർക്ക് അമിത് ഷാ ഉറപ്പുനൽകി. വിചാരണക്കോടതിയിൽ ഇന്നലെത്തന്നെ ജാമ്യാപേക്ഷ നൽകാൻ ഷാ നിർദേശിച്ചെങ്കിലും സമയം വൈകിയതിനാൽ സാധിച്ചില്ല.
യുഡിഎഫ്, എൽഡിഎഫ് എംപിമാർ ഇന്നലെ വൈകുന്നേരമാണ് അമിത് ഷായെ കണ്ടു നിവേദനം നൽകിയത്. കന്യാസ്ത്രീമാരുടെ മോചനകാര്യത്തിൽ അനുഭാവപൂർവമായ നിലപാടാണുള്ളതെന്ന് എംപിമാരോട് അമിത് ഷാ പറഞ്ഞു. അറസ്റ്റിലായ കന്യാസ്ത്രീമാരെ ജയിലിൽനിന്ന് ഉടൻ മോചിപ്പിക്കുക, അവർക്കെതിരേയുളള വ്യാജ കേസും എഫ്ഐആറും റദ്ദാക്കുക, അറസ്റ്റിലേക്കു നയിച്ച ആൾക്കൂട്ട വിചാരണയെക്കുറിച്ച് നിഷ്പക്ഷവും നീതിപൂർവവും സമയബന്ധിതവുമായ അന്വേഷണം നടത്തുക, തെറ്റായ അറസ്റ്റിനു പ്രേരിപ്പിച്ചവർക്കും പിന്തുണച്ചവർക്കുമെതിരേ നിയമനടപടി സ്വീകരിക്കുക, നിർബന്ധിത മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം തടയുക, ന്യൂനപക്ഷങ്ങൾക്കു ഭരണഘടനാപരമായ സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ആഭ്യന്തരമന്ത്രിക്ക് കേരള എംപിമാർ നൽകിയ നിവേദനത്തിൽ ഉന്നയിച്ചു.
എംപിമാരായ ജോസ് കെ. മാണി, ജോണ് ബ്രിട്ടാസ്, കെ. രാധാകൃഷ്ണൻ, പി. സന്തോഷ് കുമാർ, വി. ശിവദാസൻ, പി.പി. സുനീർ, എ.എ. റഹീം, ആർ. സച്ചിദാനന്ദം തുടങ്ങിയവരാണ് അമിത് ഷായെ കണ്ടു നിവേദനം നൽകിയ എൽഡിഎഫ് സംഘത്തിലുണ്ടായിരുന്നത്. ആന്റോ ആന്റണി, ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കെ. ഫ്രാൻസിസ് ജോർജ്, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, കെ. സുധാകരൻ, എം.കെ. രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, വി.കെ. ശ്രീകണ്ഠൻ, അബ്ദുൾസമദ് സമദാനി, ഹാരീസ് ബീരാൻ, ജെബി മേത്തർ, ഷാഫി പറമ്പിൽ എന്നീ എംപിമാരാണ് യുഡിഎഫ് നിവേദകസംഘത്തിലുണ്ടായിരുന്നത്.
ജയിലിലുള്ള കന്യാസ്ത്രീമാർക്ക് ബുധനാഴ്ച ജാമ്യം ലഭിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് നേരത്തേ ഷാ കേരള എംപിമാർക്ക് ഉറപ്പു നൽകിയിരുന്നു. ആശയവിനിമയത്തിലുണ്ടായ വീഴ്ച മൂലമാണ് ഇതു നടക്കാതെ പോയതെന്നാണു പിന്നീട് മന്ത്രി വിശദീകരിച്ചത്. കേസിലുൾപ്പെട്ട ഒരു പെണ്കുട്ടിയെ ബജ്രംഗ്ദൾ നേതാക്കൾ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് തെറ്റായ പ്രസ്താവനയിൽ ഒപ്പുവയ്പിച്ചതെന്ന പെണ്കുട്ടിയുടെ മൊഴി ഞെട്ടിക്കുന്നതാണെന്ന് ഷായ്ക്കു നൽകിയ നിവേദനത്തിൽ എംപിമാർ ചൂണ്ടിക്കാട്ടി. കന്യാസ്ത്രീമാരുടെ അറസ്റ്റ് ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ വേദനയും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ടെന്നും എംപിമാർ പറഞ്ഞു.
ജാമ്യം ലഭിച്ചശേഷം കന്യാസ്ത്രീമാർക്കെതിരേയുള്ള വ്യാജ എഫ്ഐആർ റദ്ദാക്കാൻ നടപടി വേണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. കേസ് എൻഐഎ കോടതിക്കു വിട്ട സെഷൻസ് കോടതിയുടെ നടപടിക്രമത്തിൽ പാളിച്ചകളുണ്ടെന്ന് ആഭ്യന്തരമന്ത്രി സമ്മതിച്ചു. കേന്ദ്രസർക്കാരിന്റെ അനുമതിയോടെ മാത്രമേ എൻഐഎ കേസുകൾ പാടുള്ളൂവെന്നതാണു ചട്ടം. ഇതു പരിഗണിക്കാതെയാണ് കോടതി കേസ് എൻഐഎക്കു വിട്ടത്.
ഇതിനിടെ, ജാമ്യാപേക്ഷ നൽകാനായി ഛത്തീസ്ഗഡിൽത്തന്നെയുള്ള അഭിഭാഷകനെ നിയോഗിക്കാൻ സിബിസിഐ ആസ്ഥാനത്ത് ഇന്നലെ വൈകുന്നേരം നടന്ന നിയമവിദഗ്ധരുടെ യോഗം തീരുമാനിച്ചു. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ, അഭിഭാഷകരായ പി.ഐ. ജോസ്, സിസ്റ്റർ മേരി സിറിയക് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Tags :