ADVERTISEMENT
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം രണ്ടുമാസം പിന്നിടുമ്പോൾ എട്ടു ശതമാനം മഴക്കുറവ്. ഇന്നലെവരെ 1283.5 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 1181.9 മില്ലിമീറ്ററാണെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
മേയ് 26 നാണ് കാലവർഷമെത്തിയത്. തുടക്കംമുതൽ തിമിർത്തു പെയ്ത കാലവർഷം ഏതാനും ദിവസങ്ങൾക്കു മുമ്പ് ദുർബലമായതോടെയാണ് മഴക്കുറവ്. എങ്കിലും ഭൂരിഭാഗം ജില്ലകളിലും ഇക്കാലയളവിൽ ലഭിക്കേണ്ട ശരാശരി മഴ ലഭിച്ചതായാണ് കണക്കുകൾ.
കണ്ണൂർ ജില്ലയിൽ 20 ശതമാനം അധികമഴയും ലഭിച്ചു. ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് മഴക്കുറവ് രൂക്ഷം. വയനാട്ടിൽ 38 ശതമാനവും ഇടുക്കിയിൽ 27 ശതമാനവുമാണ് മഴക്കുറവ്. പത്തനംതിട്ടയിൽ ഒൻപത് ശതമാനം അധികമഴ ലഭിച്ചപ്പോൾ കൊല്ലം, ആലപ്പുഴ ജില്ലകളിൽ നാല് ശതമാനവും തിരുവനന്തപുരം ജില്ലയിൽ ഒരു ശതമാനവും അധികമഴ പെയ്തു.
നിലവിൽ ദുർബലമായി തുടരുന്ന കാലവർഷം ശക്തിപ്പെടുന്നതോടെ മഴക്കുറവ് പരിഹരിക്കപ്പെടുമെന്നും ഇക്കുറി കാലവർഷത്തിൽ ശരാശരിക്കും മുകളിൽ മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.
കാലവർഷത്തിൽ ജൂണ്‍ ഒന്നു മുതൽ ഇന്നലെവരെ പെയ്ത മഴയുടെ കണക്കുകൾ ജില്ല തിരിച്ച് മില്ലിമീറ്ററിൽ, ജില്ല-പെയ്ത മഴ(പെയ്യേണ്ടിയിരുന്ന മഴ) എന്ന ക്രമത്തിൽ:
ആലപ്പുഴ-1056.3(1013.2). കണ്ണൂർ-2107.5(1763.3).എറണാകുളം-1259.6 (1344.7). ഇടുക്കി-1112.6 (1532.4). കാസർഗോഡ്-1926.8 (1923.9). കൊല്ലം-785.1 (755.6). കോട്ടയം-1043.6(1185.9). കോഴിക്കോട്-1486.7(1733.1). മലപ്പുറം-1028.3 (1267.5). പാലക്കാട്-940.3 (976.4). പത്തനംതിട്ട-1056.6(966). തിരുവനന്തപുരം-507.2(501.8). തൃശൂർ-1351.4(1370.2). വയനാട്-978.5(1580.1).
Tags :