ADVERTISEMENT
ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാര്‍ ഇന്നു വിക്ഷേപിക്കും. വൈകുന്നേരം 5.40നാണ് നിസാറിനെയും വഹിച്ച് ഇന്ത്യയുടെ ജിഎസ്എല്‍വി-എഫ് 16 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍നിന്നു കുതിക്കുക.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 2.10ന് നിസാർ ദൗത്യവിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും കഴിഞ്ഞ ഫെബ്രുവരിയിൽ വാഷിംഗ്ടൺ ഡിസിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയുണ്ടായ ചർച്ചയെത്തുടർന്നാണ് ദൗത്യത്തിനു വേഗം കൈവന്നത്.
നാസയും ഐഎസ്ആര്‍ഒയും വികസിപ്പിച്ച രണ്ടു വ്യത്യസ്ത ആവൃത്തികളില്‍ പ്രവര്‍ത്തിക്കുന്ന ഓരോ റഡാറുകളാണ് 2,392 കിലോഗ്രാം ഭാരമുള്ള നിസാറിന്റെ സവിശേഷത. 12 ദിവസത്തെ ഇടവേളകളില്‍ ഭൂമിയിലെ ഓരോ സ്ഥലത്തിന്റെയും ഏറ്റവും വ്യക്തമായ വിവരങ്ങള്‍ രാപകല്‍ ഭേദമന്യേ ശേഖരിക്കാന്‍ ഇതിനാവും. ഭൂമിയിലെ ചെറിയ കാര്യങ്ങള്‍ വരെ ഇതു കണ്ടെത്തും.
മഞ്ഞുപാളികളുടെ ചലനം, കപ്പല്‍ കണ്ടെത്തല്‍, തീരദേശ നിരീക്ഷണം, കൊടുങ്കാറ്റുകളുടെ സ്വഭാവം, മണ്ണിന്റെ ഈര്‍പ്പം മാറ്റങ്ങള്‍, ഉപരിതല ജലസ്രോതസുകളുടെ മാപ്പിംഗ് നിരീക്ഷണം, പ്രകൃതിദുരന്ത സാധ്യതകള്‍ കണ്ടെത്താനും കാരണങ്ങള്‍ വിലയിരുത്താനും വേണ്ട വിലപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടെ ലഭിക്കും. ഏകദേശം 1.5 ബില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മിച്ച നിസാറിന്റെ ദൗത്യ ആയുസ് അഞ്ചു വര്‍ഷമാണ്.
Tags : ISRO NISAR Satellite Launch