ADVERTISEMENT
ചക്കരക്കൽ: ഗൾഫിലേക്കു പോകുന്നയാളുടെ കൈവശം പരിചക്കാർക്ക് കൊടുക്കാനെന്ന വ്യാജേന അച്ചാറിന്റെ മറവിൽ എംഡിഎംഎയും ഹാഷിഷ് ഓയിലും കടത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർ അറസ്റ്റിൽ.
ചക്കരക്കൽ കുളംബാസാറിലെ പി. ജിസിൻ, ചക്കരക്കൽ സ്വദേശികളായ പി. അർഷാദ്, കെ.കെ. ശ്രീലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അച്ചാർ കുപ്പിയിൽ പ്ലാസ്റ്റിക് കവറുകളിലാക്കി 26 ഗ്രാം എംഡിഎംഎയും ചെറിയ കുപ്പിയിലാക്കി 3.4 ഗ്രാം ഹാഷിഷ് ഓയിലും കടത്താനായിരുന്നു ശ്രമം.
ഇന്ന് ഗൾഫിലേക്കു പോകാനിരിക്കുന്ന കണയന്നൂരിലെ മിദ്ലാജിന്റെ വീട്ടിലാണു ജിസിൻ എന്നയാൾ പരിചയക്കാരനു കൈമാറുന്നതിനായി അച്ചാറും ബേക്കറി സാധനങ്ങളും എത്തിച്ചു നൽകിയത്. അവിടെയുള്ള വഹീം എന്നയാൾക്കു നൽകണമെന്നായിരുന്നു പറഞ്ഞത്. അച്ചാർ കുപ്പിക്കു മുകളിൽ ലേബൽ ഇല്ലായിരുന്നു.
കൂടാതെ ഗൾഫിൽനിന്ന് അച്ചാർ എടുക്കാൻ മറക്കരുതെന്ന് ആവർത്തിച്ച് ഓർമപ്പെടുത്തുകയും ചെയ്തതോടെ മിദ്ലാജിനു സംശയം തോന്നി. തുടർന്ന് കുപ്പിയിലെ അച്ചാർ മറ്റൊരു പാത്രത്തിലാക്കി പരിശോധിച്ചപ്പോഴാണ് രണ്ടു പ്ലാസ്റ്റിക് കവറുകളിലും ചെറിയ കുപ്പിയിലുമായി മയക്കുമരുന്ന് കണ്ടെത്തിയത്. ഇതോടെ വീട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു.
Tags : drug smuggling case kerala crime news