ADVERTISEMENT
വിൻഡ്ഹോക്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തെക്കൻ ആഫ്രിക്കൻ രാജ്യമായ നമീബിയ സന്ദർശിക്കും. 27 വർഷങ്ങൾക്കുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നമീബിയ സന്ദർശിക്കുന്നത്. തലസ്ഥാനമായ വിൻഡ്ഹോകിൽ എത്തുന്ന മോദി പ്രസിഡന്റ് നെറ്റുംബോ നാൻഡിൻ ഡൈറ്റ്യായുമായി കൂടിക്കാഴ്ച നടത്തും.
നമീബിയൻ രാഷ്ട്രപിതാവും സ്ഥാപക പ്രസിഡന്റുമായ സാം നുയോമയുടെ ശവകുടീരത്തിൽ ആദരവ് അർപ്പിക്കും. തുടർന്ന് നമീബിയൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന മോദി നമീബിയയിലുള്ള ഇന്ത്യക്കാരുമായും സംവദിക്കും.
നമീബിയയുമായി ഇതിനോടകം 600 മില്യൺ യുഎസ് ഡോളറിന്റെ വ്യാപാരവും 800 മില്യൺ യുഎസ് ഡോളർ വിവിധ തലങ്ങളിൽ നിക്ഷേപവും ഇന്ത്യയ്ക്കുണ്ട്. ഇത് കൂടുതൽ മെച്ചപ്പെടുത്താനും ഇരു രാജ്യങ്ങളുടെയും വളർച്ചയ്ക്ക് സഹായകരമായ പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും സന്ദർശനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതോടൊപ്പം മാനവശേഷി വികസനത്തിനും വിദ്യാഭ്യാസത്തിനും കൃഷിക്കുമൊക്കെയുള്ള ഇന്ത്യൻ സഹായം കൂടുതൽ വർധിപ്പിക്കുമെന്നും നമീബിയ പ്രതീക്ഷിക്കുന്നു. ഇതിനോടകം നമീബിയയിൽനിന്നുള്ള വിവിധ തലങ്ങളിലുള്ള 1700ൽപ്പരം പേർ ഇന്ത്യയിൽ പരിശീലനം നേടിയിട്ടുണ്ട്. ഓരോ വർഷവും 25 നമീബിയൻ വിദ്യാർഥികൾ ഇന്ത്യയിൽ സ്കോളർഷിപ്പോടുകൂടി പഠിക്കുന്നുണ്ട്. നൂറുകണക്കിന് വിദ്യാർഥികൾ ഇന്ത്യയിലെ സ്വകാര്യ യൂണിവേഴ്സിറ്റികളിലും പഠിക്കുന്നു.
നമീബിയയുടെ പ്രകൃതിസന്പത്തിലും ഇന്ത്യക്കു താത്പര്യമുണ്ട്. യുറേനിയം, കോപ്പർ, കോബൾട്ട്, ലിഥിയം, ഗ്രാഫൈറ്റ്, പെട്രോളിയം പ്രകൃതിവാതകം തുടങ്ങി ധാരാളം ധാതുക്കളും നമീബിയയിൽനിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.
ഇന്ത്യയുടെ ഏകീകൃത പേമെന്റ് ഇന്റർഫേസ് (യുപിഐ) നമീബിയയിൽ അവതരിപ്പിക്കുന്നതിനുള്ള കരാറും മോദിയുടെ സന്ദർശനവേളയിൽ ഉണ്ടാകും.
രണ്ടു സുഹൃദ്രാജ്യങ്ങൾ തമ്മിലുള്ള ബന്ധംആഴപ്പെടുത്തുന്നതിനും മറ്റ് നിരവധി വികസനപ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും സന്ദർശനം സഹായിക്കുമെന്ന് നമീബിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ രാഹുൽ ശ്രീവാസ്തവ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Tags :