ADVERTISEMENT
ബിര്‍മിംഗ്ഹാം: ശുഭ്മാന്‍ ഗില്ലിന്റെ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍സി അരങ്ങേറ്റ പരമ്പരയിലെ രണ്ടാം പോരാട്ടത്തിനു ജൂലൈ രണ്ടിനു ബിര്‍മിംഗ്ഹാമിലെ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ തുടക്കം. ടീം ഇന്ത്യക്കു ടെസ്റ്റില്‍ ഇതുവരെ ഒരു എഡ്ജും ഇല്ലാത്ത മൈതാനമാണ് എജ്ബാസ്റ്റണ്‍ എന്നതാണ് ചരിത്രം. ഇംഗ്ലണ്ടിന് എതിരായ ലീഡ്സ് ടെസ്റ്റില്‍ കൈവിട്ടകളിയിലൂടെ ഇന്ത്യ അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങിയിരുന്നു.
ഇംഗ്ലണ്ടിനെതിരേ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് നിതീഷ് കുമാര്‍ റെഡ്ഡി തിരിച്ചെത്തും എന്നാണ് വിവരം. പരിശീലന സെഷനുകളില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് കൃത്യമായ സ്ഥാനം നല്‍കിയായിരുന്നു ഇന്ത്യയുടെ നീക്കം. ലീഡ്സില്‍ പേസ് ഓള് റൗണ്ടര്‍ സ്ഥാനത്ത് ഇറങ്ങിയ ഷാര്‍ദുള്‍ ഠാക്കൂറിനു പകരമാണ് നിതീഷ് കുമാര്‍ പ്ലേയിംഗ് ഇലവനില്‍ എത്തുക. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി സെഞ്ചുറി നേടിയിരുന്നു. ഇതുവരെ അഞ്ച് ടെസ്റ്റ് കളിച്ചിട്ടുണ്ട് 22കാരനായ ഈ ബാറ്റിംഗ് ഓള്‍റൗണ്ടര്‍.
അതുപോലെ സ്പിന്നർ കുൽദീപ് യാദവ്, സ്പിൻ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ പേരുകളും പ്ലേയിംഗ് ഇലവനിൽ ഉണ്ടായേക്കും എന്ന അഭ്യൂഹങ്ങളും അന്തരീക്ഷത്തിലുണ്ട്. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ അർഷദീപ് സിംഗ് പ്ലേയിംഗ് ഇലവനിൽ എത്തും എന്നാണ് കരുതപ്പെടുന്നത്.
ലീഡ്സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ നാളെ കളിക്കാന്‍ സാധ്യത ഇല്ലെന്നതാണ് ടീം ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിസന്ധി. ടീം പരിശീലനത്തില്‍ ബുംറ പങ്കെടുത്തിരുന്നു.
പ്ലേയിംഗ് ഇലവനില്‍ ബുംറ ഉണ്ടാകുമോ എന്നതു സംബന്ധിച്ച കൃത്യമായ വിവരം നല്കാന് ടീം മാനേജ്മെന്റ് തയാറായില്ല. ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാന് ടെന്‍ഡോഷെയുടെ വാക്കുകള്‍ ഇങ്ങനെ: ടീം തെരഞ്ഞെടുപ്പില്‍ ബുംറ ഉണ്ടാകും. എന്നാല്‍, മത്സരം കളിക്കുമോ എന്നതില്‍ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.
Tags : Nitish Kumar Reddy Jasprit Bumrah Shubman Gill India Vs England 2025