ADVERTISEMENT
ബിർമിംഗ്ഹാം: ഫീൽഡിംഗിൽ ദുരന്തമായവരെ മൈതാനത്ത് എവിടെ എങ്കിലും 'ഒളിപ്പിച്ചു' നിർത്തുക എന്നത് നാട്ടിൻപുറങ്ങളിലെ തന്ത്രങ്ങളിൽ ഒന്നാണ്. പാരന്പര്യമായി കൈമാറുന്ന ഈ തന്ത്രമാണ് ടീം ഇന്ത്യ ഇപ്പോൾ പരീക്ഷിക്കുന്നത്. ഇംഗ്ലണ്ടിന് എതിരായ ഇന്ത്യയുടെ ഒന്നാം ടെസ്റ്റിൽ ഫീൽഡിൽ ദുരന്തമായ യുവതാരം യശസ്വി ജയ്സ്വാളിനെ മൈതാനത്ത് എങ്ങനെ ഒളിപ്പിക്കാം എന്നതാണ് ഇപ്പോഴത്തെ പരിശീലനം.
ലീഡ്സ് ടെസ്റ്റില്‍ നാല് ക്യാച്ച് നഷ്ടപ്പെടുത്തി, തോല്‍വിയുടെ മുഖ്യകാരണക്കാരനായ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ സ്ലിപ്പ് ഫീല്‍ഡില്‍നിന്ന് പുറത്താക്കി ഇന്ത്യന്‍ ടീം മാനേജ്മെന്റ്. ടീം ഇന്ത്യ നടത്തിയ ഫീല്‍ഡിംഗ് പരിശീലനത്തില്‍ ജയ്സ്വാളിനെ സ്ലിപ്പിന്റെ പരിസരത്തെങ്ങും ഉപയോഗിച്ചില്ല. സ്ലിപ്പ് ക്യാച്ചിംഗ് പരിശീലനത്തിനു പുറത്തായിരുന്നു ജയ്സ്വാളിനെ ടീം മാനേജ്മെന്റ് പരീക്ഷിച്ചത്.
സില്ലി പോയിന്റ്/ഷോര്‍ട്ട് ലെഗ് പൊസിഷനുകളിലായിരുന്നു ജയ്സ്വാളിന്റെ പരിശീലനം. ലീഡ്സിലെ പിഴവുകള്‍ക്കുള്ള ശിക്ഷയായി ഇതിനെ കരുതാം. ലീഡ്സില്‍ മാത്രമല്ല, ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മെല്‍ബണ്‍ ടെസ്റ്റിലും ജയ്സ്വാള്‍ നിര്‍ണായക ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരേ എജ്ബാസ്റ്റണില്‍ ജൂലൈ രണ്ടിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് ക്രിക്കറ്റില്‍ ജയ്സ്വാളിനു പകരം സായ് സുദര്ശന്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരില്‍ ഒരാളായിരിക്കും ഫോര്‍ത്ത് സ്ലിപ്പ്-ഗള്ളി പൊസിഷനില്‍ ഫീല്‍ഡ് ചെയ്യുക. ടീം ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലന സെഷനില്‍, ഫസ്റ്റ് സ്ലിപ്പില്‍ കരുണ്‍ നായര്‍ ആയിരുന്നു.
സെക്കന്‍ഡ് സ്ലിപ്പില്‍ കെ.എല്‍. രാഹുലും തേര്‍ഡ് സ്ലിപ്പില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും പരിശീലനം നടത്തി. ലീഡ്സില്‍ ഫോര്‍ത്ത് സ്ലിപ്പ്-ഗള്ളിയില്‍ ജയ്സ്വാളായിരുന്നു. അതിനു പകരം സായ് സുദര്ശന്, നതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് ഈ പൊസിഷനില്‍ ഫീല്‍ഡിംഗ് പരിശീലനം നടത്തിയത്.
ലീഡ്സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ യശസ്വി ജയ്സ്വാള്‍ 101 റണ്‍സുമായി തിളങ്ങിയിരുന്നു. മത്സരത്തില്‍ നാല് ക്യാച്ചാണ് താരം വിട്ടു കളഞ്ഞത്. ടെസ്റ്റ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് കളയുന്ന ഇന്ത്യക്കാരന് എന്ന നാണക്കേടിന്റെ റിക്കാര്ഡിനൊപ്പവും അന്ന് ജയ്സ്വാള്‍ എത്തിയിരുന്നു.
ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സ് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍, എടുത്ത റണ്‍സിനേക്കാള്‍ കൂടുതൽ റൺസ് ക്യാച്ച് കളഞ്ഞ് ജയ്സ്വാള്‍ വഴങ്ങാന്‍ കാരണക്കാരനായതായി കാണാം.
മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സ് മുതല്‍ ലീഡ്സ് വരെയായി അഞ്ച് ഇന്നിംഗ്സ് ജയ്സ്വാള്‍ കളിച്ചു. അഞ്ച് ഇന്നിംഗ്സിലായി താരം നേടിയത് 221 റണ്‍സ്. നിലത്തിട്ടത് ഏഴ് ക്യാച്ച്. ഏഴ് ക്യാച്ച് നഷ്ടപ്പെടുത്തിയതിലൂടെ ഇന്ത്യക്കുള്ള അധിക ബാധ്യത 229 റണ്‍സും. നേടിയതിനേക്കാള്‍ ക്യാച്ച് നഷ്ടപ്പെടുത്തി റണ്‍സ് വഴങ്ങി എന്നു ചുരുക്കം.
മാത്രമല്ല, ന്യൂസിലന്‍ഡ്-ഓസ്ട്രേലിയ-ഇംഗ്ലണ്ട് ടീമുകള്‍ക്ക് എതിരേ അവസാനം കളിച്ച ഒമ്പത് ടെസ്റ്റിലായി 11 ക്യാച്ച് ജയ്സ്വാള്‍ നഷ്ടപ്പെടുത്തി, നേടിയത് ഏഴ് ക്യാച്ച് മാത്രം!
Tags : Yashasvi Jaiswal Shubman Gill Arshdeep Singh India Vs England 2025