ADVERTISEMENT
യെസ് യുവർ ഓണർ - കേരളത്തിലെ കോടതി മുറികളേക്കാൾ ഒരുപക്ഷേ ഈ വാക്കുകൾ മുഴങ്ങിയിട്ടുള്ളത് കേരളത്തിലെ തിയറ്ററുകളിലായിരിക്കുമെന്ന് പറയാം. കാരണം അത്രയേറെ കോടതി സിനിമകളാണ് മലയാളത്തിലിറങ്ങിയിട്ടുള്ളത്, ഇറങ്ങിക്കൊണ്ടിരിക്കുന്നത്, ഇറങ്ങാനിരിക്കുന്നത്. ഇന്ന് തിയറ്ററുകളിലെത്തിയിട്ടുള്ള സുരേഷ്ഗോപി നായകകഥാപാത്രമായിട്ടുള്ള ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയാണ് മലയാളത്തിലെ ഏറ്റവും പുതിയ കോടതി സിനിമ.
കോടതി സിനിമകളിലെ നായകർ പലപ്പോഴും തിയറ്ററിൽ കൈയടി നേടാറുണ്ട്. യഥാർഥ കോടതിമുറിയിൽ നിന്നു തികച്ചും വ്യത്യസ്തമാണ് മിക്കപ്പോഴും സിനിമയിലെ കോടതിരംഗങ്ങൾ. യഥാർഥ കോടതി മുറി അതേ പടി സിനിമയിൽ ആവിഷ്കരിച്ചാൽ അത് വളരെ ഡ്രൈ ആയിരിക്കുമെന്നതുകൊണ്ടു തന്നെ കോടതി മുറികളിലെ രംഗങ്ങൾക്ക് സിനിമാറ്റിക് ടച്ച് നൽകിയാണ് മിക്കപ്പോഴും അവതരിപ്പിക്കാറുള്ളത്. അതുകൊണ്ടുതന്നെ റിയൽ കോടതി രംഗങ്ങളേക്കാൾ വിഭിന്നമാണ് സിനിമയിലെ കോടതി സീനുകൾ.
ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹത്തിലെ കോടതി മുറിയിൽ നന്ദഗോപാൽ മാരാർ ആയി മമ്മൂട്ടി തിളങ്ങിയതോർമ്മയില്ലേ. ആകെ മൂന്നു സീനുകൾ മാത്രമേ ചിത്രത്തിൽ മമ്മൂട്ടിക്കുള്ളുവെങ്കിലും ചിത്രത്തെ വേറൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട് നന്ദഗോപാൽ മാരാർ. ഈ കഥാപാത്രത്തെ നായകനാക്കി ഒരു വലിയ സിനിമ തന്നെ ഭാവിയിൽ പ്രതീക്ഷിക്കാവുന്നതാണ്.
ട്വിസ്റ്റ് സിനിമകളുടെ സംവിധായകൻ ജീത്തുജോസഫ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ നേര് പ്രതിഭാഗം വക്കീലുമാരുടെ പെർഫോമെൻസുകൾക്കു കൂടി പ്രാധാന്യം നൽകിയ സിനിമയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ അഭിഭാഷക കഥാപാത്രം പലപ്പോഴും ദുർബലനാകുന്നതും പ്രതിഭാഗം കത്തിക്കയറുന്നതുമായ രംഗങ്ങളുണ്ട്.
എന്നാൽ ഇങ്ങനെയൊക്കെ കോടതിയിൽ പറയാൻ പറ്റുമോ എന്ന് പ്രേക്ഷകർ ചോദിച്ച സിനിമയാണ് പൃഥ്വിരാജ് നായകനായ ജനഗണമന. തീപാറുന്ന കോടതിരംഗങ്ങളായിരുന്നു ജനഗണമനയിലുണ്ടായിരുന്നത്. പലപ്പോഴും ഒരു നെടുനീളൻ പ്രസംഗത്തിന്റെ രീതിയിലേക്ക് കോടതി മുറിയിലെ വാദം നീണ്ടെങ്കിലും പ്രേക്ഷകരെ രസിപ്പിക്കാൻ ആ സീനുകൾക്കായി എന്നതാണ് അതിന്റെ ഭംഗി.
അടുത്തിടെയിറങ്ങിയ അസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി എന്ന സിനിമ ഫാമിലി കോർട്ടിലാണ് പ്ലേസ് ചെയ്തിരിക്കുന്നത്. ഇതിലും പ്രസംഗരീതിയിലാണ് കോർട്ട് റൂം സീൻ മുന്നോട്ടുപോകുന്നത്. എന്നാൽ കഥാപാത്രത്തിന് തന്റെ ഫീലിംഗ്സ് പറയാൻ അത്തരം ട്രീറ്റ്മെന്റ് ആവശ്യമായിരുന്നു.
മലയാളത്തിലിറങ്ങിയ മികച്ച കോർട്ട് റൂം ഡ്രാമകളിൽ ഇന്നും ചർച്ച ചെയ്യുന്ന ചിത്രങ്ങളിലൊന്നാണ് ഭരതൻ സംവിധാനം ചെയ്ത ഭരത്ഗോപി അഭിനയിച്ച സന്ധ്യ മയങ്ങും നേരം. ഒരു ജഡ്ജിയുടെ മാനസികാവസ്ഥകളെ വളരെ സൈക്കോളജിക്കലായി അനാവരണം ചെയ്യുന്ന ചിത്രത്തിൽ കോടതി രംഗങ്ങൾക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നു.
സുരേഷ്ഗോപി - ഷാജി കൈലാസ് കൂട്ടുകെട്ടിൽ വന്ന ചിന്താമണി കൊലക്കേസ് വേറിട്ട കോടതി ചിത്രങ്ങളിൽ ഇന്നും മുന്നിലാണ്. പ്രതികളെ കോടതിയിൽ നിന്നും നിയമങ്ങളിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷിച്ച് അവരെ ശിക്ഷിക്കുന്ന അഡ്വ.ലാൽ കൃഷ്ണയായി സുരേഷ്ഗോപി ബിഗ് സ്ക്രിനിൽ നിറഞ്ഞാടി.
ന്നാ താൻ കേസു കൊട് എന്ന ചിത്രത്തിലെ കോടതി മുറിയിൽ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കൈയടിപ്പിക്കുകയും ചെയ്തത് കോടതിയെക്കുറിച്ച് കാര്യമായൊന്നും അറിയാത്ത സാധാരണക്കാരായ ജനങ്ങളുടെ നിഷ്കളങ്കമായ ചോദ്യോത്തരങ്ങളും അതിലേറെ രസികനായ ജഡ്ജിയുമാണ്. ക്വീൻ എന്ന സിനിമയിൽ സലിംകുമാർ തന്റെ തമാശ രൂപം വിട്ട് കിടിലൻ പെർഫോമെൻസ് പുറത്തെടുക്കുന്നത് കണ്ട് കൈയടിച്ച പ്രേക്ഷകർ ഒരുപാടുണ്ട്.
പട്ടാളക്കോടതികളുടെ കഥകൾ വളരെ അപൂർവമായി മാത്രമേ മലയാളത്തിൽ സിനിമയായി വന്നിട്ടുള്ളു. അതിൽ ഏറ്റവും മികച്ചതും കാലത്തെ അതിജീവിച്ച് നിൽക്കുന്നതുമാണ് മാധവ് രാംദാസ് ഒരുക്കിയ മേൽവിലാസം.സുരേഷ്ഗോപി, പാർഥിപൻ, കൃഷ്ണകുമാർ, തലൈവാസൽ വിജയ് തുടങ്ങിയ വലിയൊരു താരനിര ഒരു മുറിക്കുള്ളിൽ മാത്രം ഒതുങ്ങിനിന്ന് ചെയ്ത മേൽവിലാസം ഒരു പാൻ ഇന്ത്യൻ കോർട്ട് മാർഷൽ സിനിമയാണ്.
നമ്മുടെ കോടതി നടപടികളെത്ര കാലതാമസം ഉണ്ടാക്കുന്നതാണ് എന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തിയ സിനിമയായിരുന്നു തരുണ് മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക. ഒരു ചെറിയ കേസ് വർഷങ്ങൾ വിടാതെ പിന്തുടർന്നപ്പോൾ അത് നേരിടേണ്ടി വന്നവർക്കുണ്ടായ ബുദ്ധിമുട്ടുകളാണ് ചിത്രം കാണിച്ചു തന്നത്.
ഒരു അഭിഭാഷകന്റെ കേസ് ഡയറി, അടിക്കുറിപ്പ്, കോടതി, യെസ് യുവർ ഓണർ, വക്കാലത്ത് നാരായണൻകുട്ടി, സൂപ്പർമാൻ, നിർണായകം, കോടതി സമക്ഷം ബാലൻ വക്കീൽ, വാശി, മുകുന്ദനുണ്ണി അസോസിയേറ്റ്സ്, ജയ ജയ ജയഹേ, ഒരു കുപ്രസിദ്ധപയ്യൻ, വണ്മാൻ ഷോ, കാതൽ, തന്ത്രം, ട്വന്റി ട്വന്റി, അധിപൻ, ജനകൻ, നരിമാൻ, ഗരുഡൻ എന്നീ സിനിമകളിലെല്ലാം കോടതി സീനുകൾ ഒരുപാടുണ്ട്. ടൂ കണ്ട്രീസ് എന്ന ദിലീപ് ചിത്രത്തിലെ കാനഡയിലുള്ള കോടതി രംഗം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചതാണ്.
വക്കാലത്ത് നാരായണൻകുട്ടിയിൽ ഒരു പൊതുപ്രവർത്തകൻ കോടതിയിൽ വാദപ്രതിവാദം നടത്തുന്നതിലേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയത്. സൂപ്പർമാനിലാകട്ടെ ഒരു മോഷ്ടാവ് കോടതിയിൽ വാദപ്രതിവാദം നടത്തുന്ന സീനുകളായിരുന്നു. വാശി എന്ന സിനിമ അഭിഭാഷക ദന്പതികളുടെ ജീവിതപ്രശ്നങ്ങൾ കൂടി കാണിച്ചു തന്നു.
ജയ ജയ ജയഹേയുടെ ക്ലൈമാക്സ് കോടതി രംഗമായിരുന്നു. അതിൽ ജഡ്ജിയായെത്തിയ മഞ്ജുപിള്ള കൈയടി നേടി. സുരേഷ്ഗോപിയുടെ നരിമാൻ എന്ന സിനിമ കോടതിക്ക് തെറ്റുപറ്റാമെന്നും കോടതിയെ കബളിപ്പിക്കരുതെന്നും ഓർമിപ്പിക്കുന്ന സിനിമയായിരുന്നു. നിർണായകം എന്ന സിനിമയിൽ ശക്തമായ ഒരു വിഷയത്തെ സുധീർ കരമനയുടെ ജഡ്ജി വേഷം പ്രേക്ഷകരുടെ മനസിൽ ഇടംനേടി.
മഞ്ജു വാര്യരും അമലയും വക്കീൽ വേഷങ്ങളിലെത്തിയ കെയറോഫ് സൈറാബാനു കോടതിമുറിയിലെ പെണ്പോരാട്ടമായിരുന്നു കാണിച്ചു തന്നത്. മലയാള സിനിമയിൽ കറുത്ത കോട്ടിട്ട് വാദപ്രതിവാദം നടത്തിയവരും നീതിപീഠത്തിലിരുന്ന് വിധിപ്രസ്താവം നടത്തിയവരും വാദിച്ചു ജയിച്ചവരും തോറ്റുപോയവരുമുണ്ട്.
ജാനകിക്കു നീതി നിഷേധിക്കപ്പെടുന്പോൾ അവൾക്ക് അർഹതപ്പെട്ട നീതി നേടിക്കൊടുക്കാനെത്തുന്ന അഡ്വ. ഡേവിഡ് ഏബൽ ഡൊണോവൻ എന്ന വക്കീലായി സുരേഷ്ഗോപി എത്തുന്ന ജാനകി വി.വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം കേരളമടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തീയറ്ററുകളിൽ പ്രദർശനം തുടങ്ങിക്കഴിഞ്ഞു. അതെ, തിയേറ്ററുകളിൽ യുവർ ഓണർ ഇനിയും മുഴങ്ങും.
Tags : malayalam movie