ADVERTISEMENT
കോട്ടയം: കനത്ത മഴയില്‍ റോഡുകളില്‍ വെള്ളക്കെട്ട്. വെള്ളക്കെട്ട് രൂക്ഷമായതോടെ വാഹനയാത്ര ദുസഹമായി. എംസി റോഡിലും ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളിലുമെല്ലാം ഒറ്റമഴയില്‍ത്തന്നെ വലിയ വെള്ളക്കെട്ടുകളാണ് രൂപപ്പെടുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിതീവ്രമായി മഴ പെയ്യുന്നതാണ് പെട്ടെന്ന് വെള്ളക്കെട്ടുണ്ടാകാന്‍ കാരണം. പെട്ടെന്നുള്ള മഴയില്‍ വെള്ളം ഒഴുകി പോകാന്‍ താമസമെടുക്കുന്നു.
ഓടകളും ചാലുകളും നിറഞ്ഞുകവിഞ്ഞാണ് റോഡുകളിലേക്ക് വെള്ളം ഒഴുകുന്നത്. കുറവിലങ്ങാട്, ഏറ്റുമാനൂര്‍, കോട്ടയം ടൗണിലെ വിവിധ ഭാഗങ്ങള്‍, പാലാ-വൈക്കം റോഡിൽ ആർവി ജംഗ്ഷൻ, മരങ്ങാട്ടുപിള്ളി ആണ്ടൂർ ഭാഗം, പാലാ-ഏറ്റുമാനൂർ റോഡിൽ കട്ടച്ചിറ ഭാഗം, കിടങ്ങൂര്‍, എസ്എച്ച് മൗണ്ട്, കുമരകം റോഡില്‍ ഇല്ലിക്കല്‍, താഴത്തങ്ങാടി ഭാഗം തുടങ്ങിയ സ്ഥലങ്ങളിലെല്ലാമാണ് വെള്ളക്കെട്ട് രൂക്ഷം. ഓടകളിലും വെള്ളം ഒഴുകിപ്പോകുന്ന സ്ഥലങ്ങളിലുമെല്ലാം ചെളിയും എക്കലും അടിഞ്ഞിരിക്കുകയാണ്.
പലയിടത്തും അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും കൈയേറ്റങ്ങളും വ്യാപകമാണ്. ഇതുമൂലം വെള്ളം ഒഴുകിപ്പോകാന്‍ യാതൊരു നിര്‍വാഹവുമില്ലാത്ത അവസ്ഥയാണ്. വെള്ളക്കെട്ടുണ്ടായാല്‍ മണിക്കൂറുകളോളമാണ് പലയിടത്തും ഗതാഗതം തടസപ്പെടുന്നത്. വാഹനങ്ങള്‍ കിലോമീറ്ററോളം വഴി തിരിഞ്ഞു പോകേണ്ട അവസ്ഥയുമുണ്ട്.
കനത്തമഴയില്‍ റോഡുകളില്‍ കുഴികളും രൂപപ്പെട്ടു. മഴക്കാലം തുടങ്ങിയപ്പോള്‍ അടച്ച കുഴികളെല്ലാം വീണ്ടും വലിയ കുഴികളായി മാറി. എംസി റോഡില്‍ തെള്ളകം മുതല്‍ പട്ടിത്താനം വരെ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കെകെ റോഡിലും പലയിടത്തും ചെറുതും വലുതമായി കുഴികളുണ്ട്. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയിലും കിടങ്ങൂര്‍-മണര്‍കാട് റോഡിലും കോട്ടയം ടൗണിലെ വിവിധ ഭാഗങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കുഴികളില്‍ ചാടാതെ വെട്ടിക്കുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നു.
Tags :