ADVERTISEMENT
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു രാജി. അഭിമാനത്തോടെയാണു പടിയിറങ്ങുന്നതെന്ന് എഴുപത്തിനാലുകാരനായ ധൻകർ പറഞ്ഞു. ഇന്നലെയും രാജ്യസഭ നിയന്ത്രിച്ച ധൻകറിന്റെ രാജി ഏവരെയും അദ്ഭുതപ്പെടുത്തി. രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി 2022ഓഗസ്റ്റിലാണ് ഇദ്ദേഹം സ്ഥാനമേറ്റത്. 2027 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. രാഷ്ട്രപതി ദ്രൗപദി മുർമുവിനു രാജിക്കത്ത് കൈമാറി. ഭരണഘടനയുടെ 67(എ) വകുപ്പ് പ്രകാരമാണ് രാജിവച്ചതെന്ന് ധൻകർ പറഞ്ഞു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും നല്കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
1951ൽ രാജസ്ഥാനിലെ ഝുൻഝുനുവിലെ ജാട്ട് കുടുംബത്തിലാണു ധൻകർ ജനിച്ചത്. 1990-1991 കാലത്ത് ചന്ദ്രശേഖർ മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്ന ധൻകർ, ബംഗാൾ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനതാ ദളിലൂടെ രാഷ്ട്രീയത്തിലെത്തിയ ധൻകർ 1991ൽ കോൺഗ്രസിൽ ചേർന്നു. 2003ൽ ബിജെപിയിലെത്തി. 2019ൽ ബംഗാൾ ഗവർണറായി. ഗവർണറായിരിക്കേ മമത ബാനർജി സർക്കാരുമായി ധൻകർ നിരന്തരം ഏറ്റുമുട്ടലിലായിരുന്നു.
Tags : Dhankar Vice President